കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയില്‍ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് മുമ്ബാണ് ഈ സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തില്‍ അധ്യാപകൻ കൊടുവള്ളി പൊലീസില്‍ പരാതി നല്കി.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയില്‍ കേസെടുത്ത ക്രൈംബ്രാഞ്ച്, എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നല്കിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.