ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി.
ജനപ്രതിനിധികള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു.
അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തില്ല. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്ന് മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. കൂടുതല്‍ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വത്ത് നല്‍കും. അവരുടെ പ്രകടന പത്രികയില്‍ അങ്ങനെയാണ് പറയുന്നത്. നിങ്ങളുടെ സ്വത്ത് കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിക്കുകയുണ്ടായി. എന്നാല്‍ തന്റെ പരാമര്‍ശം മുസ്ലിങ്ങളെ ഉദ്ദേശിച്ചല്ലെന്ന് പിന്നീട് മോദി വിശദീകരിച്ചു. ഹിന്ദു – മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.