അർദ്ധരാത്രിയിൽ വാറണ്ടുമായെത്തി ഗൃഹനാഥനെ കസ്റ്റഡിയില്‍ എടുത്ത സംഭവം; പൊലീസിനെതിരായ പരാതിയിൽ അന്വേഷണം ഇഴയുന്നു

കൊല്ലം: കോടതി തീർപ്പാക്കിയ കേസില്‍ അർദ്ധരാത്രി വാറണ്ടുമായെത്തി ഗൃഹനാഥനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. ചാത്തന്നൂർ പൊലീസിനെതിരെ പള്ളിമണ്‍ സ്വദേശി അജി പരാതി നല്‍കി നാല് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതിക്കാരന്റെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് പോലും നടന്നിട്ടില്ല. പരാതി പരിശോധിക്കുകയാണെന്നാണ് പൊലീസിന്റെ മറുപടി.

Advertisements

അർദ്ധരാത്രി പൊലീസ് വീട്ടില്‍ കയറി അജിയെ ബലംപ്രയോഗിച്ച്‌ കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നല്‍കിയിട്ടും അന്വേഷണം ഇഴയുകയാണ്. ചാത്തന്നൂർ സിഐയും സംഘവും നടത്തിയ അതിക്രമത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ കിട്ടും വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അജി കഴിഞ്ഞ ദിവസം പറഞ്ഞു. കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടിലാണ് നാല് ദിവസം മുമ്പ് രാത്രി ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. എസ്‌എച്ച്‌ഒ അനൂപ് ഉള്‍പ്പെടെ അഞ്ചോളം പൊലീസുകാരാണ് മതില്‍ ചാടി അകത്തേക്ക് കയറിയത്. പെട്ടെന്ന് വാതില്‍ തുറക്കാൻ പറഞ്ഞു. ആക്രോശിച്ചുകൊണ്ട് അകത്തേക്ക് കയറി. കിടക്കുകയായിരുന്ന താൻ എഴുന്നേല്‍ക്കുന്നതിന് മുമ്പ് പിടിച്ചുവലിച്ചിഴച്ചുവെന്ന് അജി പറഞ്ഞു. വസ്ത്രം പോലും മാറ്റാൻ സമയം കൊടുത്തില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെണ്‍കുട്ടികളും ഭാര്യയും നിലവിളിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. പൊലീസ് വീട്ടില്‍ കയറുന്നതും അജിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. വസ്ത്രമൊന്നും മാറണ്ടെന്നും വന്നില്ലെങ്കില്‍ ഇടിച്ചിട്ട് കൊണ്ടുപോകുമെന്നും പൊലീസ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഏറെ നേരം അപേക്ഷിച്ച ശേഷമാണ് അജിയെ ഷര്‍ട്ട് ധരിക്കാൻ പോലും പൊലീസുകാര്‍ അനുവദിച്ചത്. തന്‍റെ പേരില്‍ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടില്‍ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി.

അർദ്ധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു. അതേസമയം, കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവില്‍ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിന്‍റെ വിശദീകരണം. അജിയും മറ്റൊരാളും തമ്മില്‍ കടമുറിയുടെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കേസ് നിലവിലുണ്ടായിരുന്നു. അത് കോടതിയിലേക്കും എത്തിയിരുന്നതാണ്. എന്നാല്‍, അത് ജനുവരിയില്‍ ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പായിരുന്നു. കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൊലീസിന്‍റെ അതിക്രമമെന്നാണ് പരാതി.

Hot Topics

Related Articles