കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപക പരാതി. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതില്‍, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ജില്ലയില്‍ 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി രൂപീകരിച്ചത്.13 അംഗ പ്രമോട്ടർ വഴിയാണ് വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടന്നത്. കേന്ദ്ര സർക്കാർ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുണ്ടെന്നും പറഞ്ഞ വിശ്വാസം കയ്യിലെടുത്തു. പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യില്‍ മെഷീനും നല്കി തട്ടിപ്പിന്റെ തുടക്കമിട്ടു. പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നല്‍കാമെന്ന വാഗ്ദാനത്തില്‍ പലരില്‍ നിന്നായി പണം വാങ്ങി. മൂവാറ്റുപുഴയില്‍ നടന്ന സമാന തട്ടിപ്പില്‍ സൊസൈറ്റി ഉടമസ്ഥൻ അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെയാണ് ജില്ലയിലടക്കം പലരും തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തുന്നത്. കണ്ണൂർ ടൗണ്‍, വളപട്ടണം, മയ്യില്‍, ശ്രീകണ്ഠാപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയതോടെ പ്രമോട്ടർമാരെ വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിട്ടുണ്ട്.
അതേസമയം, പൊലീസ് കേസെടുക്കാൻ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൃത്യമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പരാതിക്കാർ.