കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉള്‍പ്പെടയുള്ളവർക്കെതിരെ പരാതിയുമായി കുടുംബങ്ങള്‍. ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, അഖില്‍ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നല്‍കി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്.
കലാപ ആഹ്വാനം നടത്തുകയും നാട്ടില്‍ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, പെരിയ കേസില്‍ 1 മുതല്‍ 8 വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. 10 പ്രതികളെ കോടതി വെറുതെ വിട്ടു. 1 മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎല്‍എ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരില്‍ 6 പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. കെ.മണികണ്ഠൻ, കെ വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തില്‍ തുടരാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.