കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ തൊട്ടില്‍പ്പാലം പൊലീസ് സ്റ്റേഷന് പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി. പൊലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഒരു കേന്ദ്രത്തില്‍ പ്രത്യേക സമയത്ത് ഒരു മുന്നണിയുടെ പ്രചാരണ വാഹനം മാത്രം എത്തുന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
നാദാപുരം, വളയം പൊലീസ് സ്റ്റേഷന് പരിധിയില്‍ കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. നാദാപുരം, കല്ലാച്ചി, ചേലക്കാട്, അരൂര്‍, തണ്ണീര്‍പ്പന്തല്‍, പുറമേരി, തൂണേരി, ഇരിങ്ങണ്ണൂര്‍ എന്നീ ടൗണുകള്‍ കേന്ദ്രീകരിച്ചും വളയം പൊലീസ് സ്റ്റേഷന് പരിധിയിലെ വളയം, ചെക്യാട്, വാണിമേല്‍, പഞ്ചായത്തുകളിലും പ്രകടനവും വാഹന റാലികളും നടത്താന്‍ നിയന്ത്രണമുണ്ട്. നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളിലായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.