ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചർച്ചയില്‍ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.
പാർട്ടിയില്‍ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ രാഹുലിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തല്‍ക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. പാർലമെൻറിലും മറ്റ് എംപിമാർക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കുകയുള്ളു. ഈ സാഹചര്യത്തില്‍ തരൂരിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാകും. തന്നെ കോണ്‍ഗ്രസ് നേതൃത്വം വളഞ്ഞിട്ടാക്രമിക്കുന്നതിലേക്ക് എത്തിയാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള ചർച്ചയില്‍ തരൂർ വ്യക്തമാക്കിയുന്നു. സംസ്ഥാന കോണ്‍ഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു.