ദില്ലി : രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തില്‍. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചു. എന്ത് രാഷ്ട്രീയവും സംസ്കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി മറുഭാഗത്ത് വിദ്വേഷം പരത്തുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത ഭാഷയാണെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടേത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ് വിമർശിച്ചു. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം എന്നാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷയാണ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് മോദി വോട്ട് തേടുന്നു. ഏകാധിപതി നിരാശയിലാണെന്നും സിപിഎം പ്രതികരിച്ചു. മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ട പരാതി നല്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇമെയിലിലൂടെ കൂട്ട പരാതി നല്‍കാനാണ് പൊതുജനങ്ങളോടുള്ള ആഹ്വാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷത്തെ അവഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കും ബിജെപിക്കും സർവ്വസ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് സാകേത് ഗോഖലെ എംപി വിമർശിച്ചു. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്ന് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിലാണ് പറഞ്ഞത്. കൂടുതല്‍ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വത്ത് നല്‍കും. അവരുടെ പ്രകടന പത്രികയില്‍ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, പെങ്ങൻമാരേ നിങ്ങളുടെ കെട്ടുതാലി വരെ അവർ വെറുതെ വിടില്ല. നിങ്ങളുടെ സ്വത്ത് കൂടുതല്‍ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിച്ചു.