കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്ക് നല്കിയ ഭക്ഷ്യ കിറ്റിൽ പുഴുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റവന്യു മന്ത്രി കെ രാജനെ വെല്ലുവിളിച്ച് യു.ഡി.എഫ് നേതാക്കളായ ടി സിദ്ദിഖ് എംഎല്‍എ, രാജ്മോഹൻ ഉണ്ണിത്താൻ, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയവര്‍ രംഗത്തെത്തി. ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ മന്ത്രിയെ വെല്ലുവിളിച്ചു.
സ്വന്തം വീഴ്ച മറച്ചുവെക്കൻ ഉദ്യോഗസ്ഥരെ കരുവാക്കുകയാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. എഡിഎമ്മിനെ കൊണ്ട് റവന്യു മന്ത്രി കള്ളം പറയിക്കുകയാണ്. പഞ്ചായത്ത് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കണം. 835ല്‍ 474ല്‍ കിറ്റുകള്‍ കൊടുത്തു. കാലാവധി കഴിഞ്ഞ നിരവധി കിറ്റുകള്‍ അതില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവധി രേഖപ്പെടുത്താത്ത കിറ്റുകളും നിരവധിയുണ്ട്. അരി മാത്രമേ കൊടുത്തിട്ടുള്ളു എന്ന് രാജൻ പച്ചക്കള്ളം പറയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാതിരിപ്പാലത്തെയും കൈനാട്ടിയിലെയും ഗോഡൗണുകളിലും ടണ്‍ കണക്കിന് ഭക്ഷണ സാമഗ്രികളാണുള്ളത്. ഇവ തുറന്ന് പരിശോധിക്കാൻ റവന്യൂ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. കിറ്റ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണം. സംയുക്ത നിയമസഭ സമിതി അന്വേഷണം നടത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മന്ത്രിയുടെ വാദം തെറ്റാണ്. 835 ചാക്കും പഞ്ചായത്തിന് ലഭിച്ചത് നവംബർ ഒന്നിനാണ്. ഗോഡൗണ്‍ തുറപ്പിക്കാൻ നിയമനടപടി സ്വീകരിക്കും. വിവാദത്തില്‍ വൈകിട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു.