റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ വസതിയിലേക്ക് കാല്‍നട മാർച്ച് നടത്തിയ നിരവധി കോണ്‍ഗ്രസ് അംഗങ്ങളെ ചൊവ്വാഴ്ച പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചക്കാണ് റായ്പൂരിലെ ഗാന്ധി മൈതാനിയില്‍നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും യുവജന വിഭാഗത്തിന്റെയും അംഗങ്ങള്‍ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
അവർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകുമ്പോള്‍ നിരവധി പ്രതിഷേധക്കാരെ തടഞ്ഞുവെക്കുകയും പിന്നീട് വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്തുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവർത്തകരെ തടയാൻ മുഖ്യമന്ത്രിയുടെ വീടിനു സമീപം കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചതായി പാർട്ടി ഭാരവാഹി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർലമെന്റില്‍ അടുത്തിടെ ബി.ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം വിവാദമായിരുന്നു. അംബേദ്കറെ പരിഹസിച്ചിന് അമിത് ഷാ രാജിവെക്കണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ആകാശ് ശർമ എന്നിവരും കാല്‍നട മാർച്ചില്‍ പങ്കെടുത്തു.