ന്യൂഡൽഹി : കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ സ്ഥാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ മുതിർന്ന നേതാവ് കമല്‍നാഥ് രാജ്യസഭാ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് നല്‍കിയിട്ടില്ല. പാർട്ടി സംസ്ഥാന ട്രഷറർ ആയിട്ടുള്ള അശോക് സിങിനെയാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ളത്. നിലവില്‍ എംഎല്‍എ ആയിട്ടുള്ള കമല്‍നാഥ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് മുഖംതിരിക്കുകയായിരുന്നു.
മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പാർട്ടിക്കുണ്ടായ കനത്ത പരാജയം ഹൈക്കമാൻഡിനെ അദ്ദേഹത്തിലുള്ള താത്പര്യം നഷ്ടമാക്കിയെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ കമല്‍നാഥ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കോണ്‍ഗ്രസ് ദേശീയ ട്രഷറർ അജയ് മാക്കനെ കർണാടകയില്‍ രാജ്യസഭാ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. സയീദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നിവരെയും കർണാടകയില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലെ രണ്ട് സീറ്റിലേക്ക് രേണുക ചൗധരിയും യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അനില്‍കുമാർ യാദവും മത്സരിക്കും.