മീഡിയ ഡെസ്ക്ക് : കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ ചട്ടുകമാവരുതെന്ന ഉപദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്തയച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസ് സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ എം എ ബേബി തുറന്ന കത്തെഴുതിയത്.
”കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കള്‍ ബോധവാനാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് താങ്കളുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസിന്റെ ചട്ടുകം ആവരുതെന്ന് അഭ്യര്‍ഥിക്കാനാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആര്‍.എസ്.എസിന്റെ കൈയിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവില്‍ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?” അദ്ദേഹം കുറിപ്പില്‍ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025ല്‍ ആര്‍.എസ്.എസ് സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികമാണ്. ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടുന്നതില്‍ വലിയ ചുവടുവെപ്പുകള്‍ അന്നേക്ക് നേടണം എന്ന് അവര്‍ക്ക് താല്‍പര്യമുണ്ട്. അതിനുള്ള നടപടികള്‍ ഒന്നൊന്നായി അവര്‍ എടുത്തുവരികയാണ്. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്ട്രസങ്കല്‍പം റദ്ദു ചെയ്യുന്നതില്‍ അവര്‍ വളരെയേറെ മുന്നോട്ടുപോയി. ബാബരി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവര്‍ മതാടിസ്ഥാനത്തില്‍ വിഭജിച്ചു. തുടര്‍ന്ന് നടന്ന വര്‍ഗീയലഹളകളെയെല്ലാം ആര്‍.എസ്.എസ് അവരുടെ സങ്കുചിത രാഷ്ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്.
നിത്യജീവിതത്തില്‍ മതന്യൂനപക്ഷത്തില്‍ പെടുന്നവരെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ബുദ്ധിജീവികളെയും അരക്ഷിതരാക്കുന്നതില്‍ എത്തിനില്‍ക്കുകയാണ് ഇവര്‍ നടത്തുന്ന ഭരണം. കൂടുതല്‍ പള്ളികള്‍ പൊളിച്ച് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ അവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ച് ന്യൂനപക്ഷാവകാശങ്ങളുടെയും ആദിവാസികളുടെയും മറ്റ് പാര്‍ശ്വവല്‍കൃതരുടെയും സാമൂഹ്യജീവിതം ക്രിമിനലൈസ് ചെയ്യാനും അവര്‍ ശ്രമിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക നില തകര്‍ക്കുകയും താങ്ങാനാവാത്ത വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുമ്പോള്‍ ഇസ്‍ലാം മതപ്രവാചകനെ നിന്ദിച്ച് പ്രകോപനമുണ്ടാക്കി രാജ്യത്തെ അടിയന്തര പ്രശ്നം ഹിന്ദു-മുസ്‍ലം തര്‍ക്കം ആക്കാനുള്ള ഗൂഢപദ്ധതിയിലാണ് സംഘപരിവാറെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോൾള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ നല്‍കിയ കേരളത്തിലെ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്? നിങ്ങള്‍ ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവില്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്നും കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പുണ്ടെങ്കില്‍ ഇത്തരം ദുരന്തനാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആര്‍എസ്എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.