തിരുവല്ല: പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴില്‍ സന്നിധാനത്ത് നിലവിലുള്ള ആയൂര്‍വേദ/ഹോമിയോ ഡിസ്പന്‍സറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ്, പോലീസ് കണ്‍ട്രോള്‍ റൂം, ശബരിമല സത്രം എന്നീ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ ഈ മാസം 13നകം പൂര്‍ത്തീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് യാര്‍ഡില്‍ പൂട്ട്കട്ട് പാകുന്ന ജോലിക്കായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ചുള്ള പ്രവൃത്തിയും 13ന് തന്നെ പൂര്‍ത്തിയാക്കും. കനത്ത മഴയാണ് ഇടയ്ക്ക് തടസമാകുന്നത്. ജില്ലയിലുള്ള ഒന്‍പത് പൊതുമരാമത്ത് റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസാക്കി പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യത്തോടുകൂടി സജ്ജമാക്കിയിട്ടുണ്ട്. ഈ റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ വൃത്തിയാക്കുന്ന തിനുള്ള അത്യാവശ്യ അറ്റകുറ്റപണികള്‍ നടന്നുവരികയാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സന്നിധാനത്തുള്ള ക്യാമ്പ് ഷെഡ് ഉള്‍പ്പെടെ പത്തനംതിട്ട, ആറന്‍മുള, കോഴഞ്ചേരി, റാന്നി, കുളനട, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് റസ്റ്റ് ഹൗസുകള്‍ ഉള്ളത്.