കൊച്ചി: സ്വന്തം ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.തന്‍റെ പ്രതീക്ഷകൾക്കനുസൃതമായി ഉയരുന്നില്ലെന്ന് ഭർത്താവ് ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത് മാനസികമായ ക്രൂരതയാണ്. ഇത് ദാമ്പത്യത്തിൽ വിള്ളലിന് കാരണമായേക്കാം. ക്രൂരത ശാരീരിക പീഡനം തന്നെ ആവണമെന്നില്ല. ഇത്തരം അധിക്ഷേപം വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്നും കോടതി പറഞ്ഞു.
വിവിധ വിധിന്യായങ്ങള്‍ ഉദ്ധരിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രൂരതയ്ക്ക് സമഗ്രമായ നിർവചനം സാധ്യമല്ല. ക്രൂരതയുടെ നിർവചനം ജീവിത നിലവാരങ്ങളുടെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കും, കോടതി പറഞ്ഞു.