ദില്ലി: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ മെഡിക്കല്‍ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി. കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കല്‍ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുൻകൂർ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രൻ നല്‍കിയ ഹർജിയി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്.
തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങള്‍ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കല്‍ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്. കേസ് മാർച്ച് 24 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അതുവരെ അറസ്റ്റില്‍ നിന്നും കൂട്ടിക്കല്‍ ജയചന്ദ്രന് നല്‍കിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടില്‍ വച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ, ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാർച്ച് 24 ന് കേസ് പരിഗണിക്കുന്നത് നടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.