‘ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’!വിദ്യാര്‍ത്ഥികളുടെ കൂട്ടം കൂടിയുള്ള പുകവലി ശല്യമായി,ബോര്‍ഡ് സ്ഥാപിച്ച് നാട്ടുകാർ

കൊച്ചി; സ്വകാര്യ വഴിയില്‍ കൂടി നിന്ന് പുകവലിക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക.ചിലപ്പോള്‍ നിങ്ങള്‍ക്ക് ചാണകമേറ് നേരിടേണ്ടിവരും. വിദ്യാര്‍ത്ഥികളുടെ കൂട്ടം കൂടിയുള്ള പുകവലി ശല്യമായതോടെ വീട്ടുകാ‍രാണ് ചാണകം എറിയുമെന്ന് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ബോര്‍ഡ് വച്ചത്. ‘ ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കളമശ്ശേരി എച്ച്‌എംടി ജംക്‌ഷനിലാണ് സംഭവം.വൈകിട്ട് കോളജ് വിടുമ്ബോള്‍ 3 മുതല്‍ 5 മണിവരെ സ്വകാര്യ വഴി വിദ്യാര്‍ഥികളുടെ പുകവലി കേന്ദ്രമാണ്. കൂട്ടം കൂടി നിന്ന് പുകവലിക്കുന്നത് പതിവായതിനാല്‍ കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് ഇതുവഴി കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. ഇതിനു മുന്‍പ് ഇവിടെ പുകവലി പാടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ‘നിങ്ങള്‍ പൊലീസ് നിയന്ത്രണത്തിലുള്ള സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ്’ എന്നെഴുതിയ ഫ്ലെക്സ് വച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പുകവലി തുടര്‍ന്നു.സിഗരറ്റ് കൂടുകളും വലിച്ചു തള്ളുന്ന കുറ്റികളും നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റുകളും വഴിയില്‍ നിറഞ്ഞതോടെയാണു കെട്ടിട ഉടമകള്‍ ‘ചാണകം ഏറ് ഉറപ്പ്’ എന്ന ബോര്‍ഡ് സ്ഥാപിച്ചത്. പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതാണ്. പൊലീസിലും നഗരസഭയിലും യാത്രക്കാര്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

Advertisements

Hot Topics

Related Articles