ലഖ്‌നൗ: അവസാന നിമിഷം സഞ്ജു നടത്തിയ പോരാട്ടം വിഫലം. ഇന്ത്യയ്ക്ക് ഒൻപത് റണ്ണിന്റെ പരാജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് ഇന്ത്യൻ യുവനിരയ്ക്ക് തോൽവിയുണ്ടായത്. ശിഖർ ധവാൻ നയിച്ച മത്സരത്തിൽ ആദ്യം പാഴാക്കിയ പന്തുകൾക്ക് ഇന്ത്യയ്ക്ക് വിലയായി നൽകേണ്ടി വന്നത് വിജയം തന്നെയായിരുന്നു. സഞ്ജു സാംസണും ശ്രേയസ് അയ്യരും ഷാർദൂൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്.
ഓപ്പണർമാരും മധ്യനിര ബാറ്റർമാരും പാഴാക്കിയ പന്തുകളുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ നിരയ്ക്ക് ഇതിനു മുൻപ് തന്നെ വിജയം സ്വന്തമാക്കാമായിരുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിംങിന് അയച്ചു. മഴ മൂലം നാൽപ്പത് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സാമാന്യം ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ നൽകിയത്. മലാനും (22), ഡിക്കോക്കും (48) നൽകിയ തുടക്കം, ക്ലാസനും (74), മില്ലറും (75) ചേർന്ന് ഭദ്രമായി അവസാനിപ്പിച്ചതോടെ ഇന്ത്യയ്ക്ക് മുന്നിൽ 250 എന്ന സ്‌കോർ ഉയർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ആദ്യം തന്നെ വിക്കറ്റ് വീഴ്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എട്ടു റൺ എടുക്കുന്നതിനിടെ തന്നെ രണ്ട് ഓപ്പണർമാരും തിരികെ കൂടാരം കയറി. പിന്നീട്, ഇഷാൻ കിഷനും, ഋതുരാജും ചേർന്നതോടെ സ്‌കോർ ഇഴഞ്ഞ് നീങ്ങി. 42 പന്തിൽ 19 റണ്ണാണ് ഋതുരാജ് അടിച്ചത്. 37 പന്തിൽ 20 ആണ് ഇഷന്റെ സമ്പാദ്യം. പിന്നാലെ എത്തിയവർക്ക് അത്യാവശ്യം സമ്മർദം നൽകാൻ ഇത് മാത്രം മതിയായിരുന്നു. പിന്നാലെ എത്തിയ സഞ്ജുവും (63 പന്തിൽ 86), ശ്രേയസ് അയ്യരും (37 പന്തിൽ 50), താക്കൂറും (31 പന്തിൽ 33 ) ചേർന്ന് തകർപ്പൻ അടി നടത്തിയെങ്കിലും അവസാന ഓവറുകളിൽ ഷാർദൂലും, പിന്നാലെ ആവേശം ഖാനും കുൽദീപും പുറത്തായതോടെ സഞ്ജുവിന് അവസാന മൂന്ന് ഓവറുകളിൽ ചുരുങ്ങിയ പന്തുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ കളിയും ഇന്ത്യയിൽ നിന്ന് കൈവിട്ടു. അവസാന നിമിഷം നടത്തിയ പോരാട്ട വീര്യത്തിന് സഞ്ജു സാംസണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചു.