സ്പോർട്സ് ഡെസ്ക്ക് : ഹിമാചല്‍പ്രദേശിന്റെ ശൈത്യകാല തലസ്‌ഥാനമായ ധരംശാല നാളെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു.147 വർഷത്തിനിടെ ഇതുവരെ 76 പേർക്കു മാത്രം എത്തിപ്പിടിക്കാനായ നാഴികക്കല്ല്, ഒരേ ദിവസം, 2 പേർ ഒരുമിച്ചു സ്വന്തമാക്കുന്നു. ഇന്ത്യൻ ഓഫ് സ്പിന്നർ ആർ.അശ്വിന്റെയും ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയുടെയും കരിയറിലെ 100-ാം ടെസ്റ്റ് മത്സരമാണ് നാളെ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം. 2 താരങ്ങള്‍ 100-ാം ടെസ്റ്റ് മത്സരം ഒരുമിച്ചു കളിക്കുന്നത് ചരിത്രത്തില്‍ ഇതു നാലാം തവണ മാത്രമാണ്.
ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയതോടെ ആവേശം തണുത്ത മത്സരത്തെ ചൂടുപിടിപ്പിക്കുന്നത് സുപ്രധാന മത്സരം കളിക്കുന്ന അശ്വിന്റെയും ബെയർസ്റ്റോയുടെയും പ്രകടനങ്ങളാകും.100 ടെസ്റ്റ് ക്ലബ്ബില്‍ ഇടംനേടുന്ന പ്രായംകൂടിയ ഇന്ത്യക്കാരനെന്ന റെക്കോർഡിന് അരികിലാണ് അശ്വിൻ. 37 വയസ്സും 172 ദിവസവുമാണ് നാളെ മത്സരത്തിനിറങ്ങുമ്പോള്‍ അശ്വിന്റെ പ്രായം. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡ് ഈ പരമ്പരയില്‍ സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിൻ മറ്റൊരു റെക്കോർഡിലേക്ക് പന്തെറിയുന്നത്. ഇതിനു മുൻപ് 13 ഇന്ത്യൻ താരങ്ങള്‍ മാത്രമാണ് 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്.