സ്പോർട്സ് ഡെസ്ക് : പന്ത്രണ്ട് വർഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെ വിമർശനങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും.ഇന്ത്യയുടെ 12 വർഷത്തെ നാട്ടിയെ ടെസ്റ്റ് പരമ്പരകളിലെ അപരാജിത കുതിപ്പാണ് ന്യൂസീലൻഡ് അവസാനിപ്പിച്ചത്. ബെംഗളൂരു ടെസ്റ്റില്‍ തോറ്റ ഇന്ത്യ പുണെയിലും പരാജയം ഏറ്റുവാങ്ങി പരമ്പര അടിയറവെയ്ക്കുകയായിരുന്നു.ഇപ്പോൾ ടീമിന്റെ സമീപനമാണ് ഏറെ വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.ആക്രമണോത്സുകത ആവശ്യമാണെങ്കിലും അത് അമിതമായാല്‍ ദേഷമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
സ്പിൻ സ്പിച്ചൊരുക്കി ന്യൂസീലൻഡിനെ വീഴ്ത്താൻ ഇറങ്ങിയ ഇന്ത്യ, കിവീസ് സ്പിന്നർ മിച്ചല്‍ സാന്റ്നറിനു മുന്നില്‍ വീഴുകയായിരുന്നു. 13 വിക്കറ്റുകള്‍ വീഴ്ത്തിയ സാന്റ്നറാണ് പുണെയില്‍ ഇന്ത്യയെ തകർത്തത്.കടുത്ത വെല്ലുവിളിയായേക്കാവുന്ന ബോർഡർ ഗാവസ്ക്കർ പരമ്പര ഈ ഇന്ത്യൻ സംഘം എങ്ങനെ കളിക്കുമെന്നാണ് പലരും ചോദിക്കുന്നത്. 2024-ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീർ ആ സ്ഥാനത്തെത്തുന്നത്. ഗംഭീറിന്റെ നിർദേശമനുസരിച്ചുള്ള കോച്ചിങ് സംഘത്തെയും ബിസിസിഐ ഒരുക്കിയിരുന്നു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരേ 27 വർഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഏകദിന പരമ്പര തോറ്റതോടെ ഗംഭീറിന്റെ സമീപനം വിമർശനങ്ങള്‍ ഏറ്റുവാങ്ങി. തുടർന്ന് ബെംഗളൂരു ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനെടുത്ത തീരുമാനവും തിരിച്ചടിച്ചു. വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യൻ ടീം മത്സരം എട്ടു വിക്കറ്റിന് തോറ്റു. 36 വർഷത്തിനു ശേഷമായിരുന്നു കിവീസ് ഇന്ത്യൻ മണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചത്.ടീമിലെ സീനിയർ കളിക്കാരെ ടീം അമിതമായി ആശ്രയിക്കുന്നത് തന്നെ വിമർശിക്കപ്പെട്ടു. രണ്ട് ടെസ്റ്റിലും രോഹിത് ശർമയ്ക്കും വിരാട് കോലിക്കും കാര്യമായ സംഭാവനകള്‍ നല്‍കാനും സാധിച്ചില്ല. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ സ്ഥിരതകൈവരിക്കാനാകാതെ ബുദ്ധിമുട്ടി. സ്പിൻ ബൗളിങ് നേരിടാൻ കിവീസ് ബാറ്റർമാർ സ്വീകരിച്ച പോലത്തെ യാതൊരു തന്ത്രവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും സ്ലോഗ് സ്വീപ്പുകളുമായി കിവീസ് ബാറ്റർമാർ റണ്‍സ് സ്കോർ ചെയ്തപ്പോള്‍ ആക്രമിച്ച് മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് കളഞ്ഞ ഇന്ത്യൻ ബാറ്റിങ്ങിന്റെ സമീപനവും വിമർശിക്കപ്പെട്ടു.