ചെന്നൈ: ചെപ്പോക്കിലെ ഹോംഗ്രൗണ്ടില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് പ്ലേഓഫ് സാധ്യതകള്‍ ഉറപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ ശിവം ദുബെ, ഋതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര ജഡേജ, നായകന്‍ എം.എസ് ധോണി എന്നിവരുടെ വിലപ്പെട്ട ഇന്നിങ്‌സുകളാണ് ടീമിന് കരുത്തായത്. ബൗളിങ്ങില്‍ ജഡേജയും മോയിന്‍ അലിയും ഡല്‍ഹി ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കുകയും ചെയ്തു.
ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ജഡേജയായിരുന്നു ഇന്നലത്തെ മത്സരത്തിലെ താരം. ബാറ്റിങ്ങില്‍ 16 പന്തില്‍ 21 റണ്‍സാണ് ജഡേജ നേടിയത്. ബൗളിങ്ങില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി ജഡേജ നടത്തിയ അഭിപ്രായ പ്രകടനം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാന്‍ ആഗ്രഹമില്ലേ എന്നായിരുന്നു കമന്റേറ്റര്‍ മുരളി കാര്‍ത്തിക്കിന്റെ ചോദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജഡേജയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാന്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ തന്നെ ആരാധകക്കൂട്ടം നിരാശരാണ്. അവര്‍ മഹി ഭായിക്കു വേണ്ടി ആര്‍ത്തുവിളിക്കുന്നത് കേള്‍ക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ ഇതിലും നേരത്തെ ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ, ഞാന്‍ ഔട്ടാകാന്‍ കാത്തുനില്‍ക്കുകയാകും അവര്‍. ടീം ജയിക്കുന്ന കാലത്തോളം ഞാന്‍ സന്തുഷ്ടനാണ്.’ ധോണിക്കു വേണ്ടി ഗാലറിയില്‍നിന്ന് ഉയരുന്ന ആര്‍പ്പുവിളികളെക്കുറിച്ചാണ് ജഡേജയുടെ പ്രതികരണം.
ചില മത്സരങ്ങളില്‍ ജഡേജ പുറത്താകുമ്പോള്‍ ചെന്നൈ ആരാധകര്‍ സന്തോഷിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും ഇത്തവണ കൗതുകക്കാഴ്ചയായിട്ടുണ്ട്. തൊട്ടുപിന്നില്‍ ധോണി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുടെ ആര്‍പ്പുവിളി.
ഇന്നലെ അവസാന ഓവറുകളിലിറങ്ങി ടീമിന് ഏറെ വിലപ്പെട്ട സംഭാവന അര്‍പ്പിച്ചാണ് ധോണി മടങ്ങിയത്. വെറും ഒന്‍പത് പന്ത് നേരിട്ട താരം രണ്ട് സിക്‌സറും ഒരു ഫോറും സഹിതം 20 റണ്‍സാണ് അടിച്ചെടുത്തത്