മുംബൈ : ടി ട്വൻ്റി ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. നായകനാരെന്നത് മുതല്‍ പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരുകയാണ്.ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വിക്കറ്റ് കീപ്പറായി ആരെന്നതായിരുന്നു. അഞ്ച് താരങ്ങളാണ് ഈ സ്ഥാനത്തിനായി നോട്ടമിടുന്നത്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന് കിഷന്, സഞ്ജു സാംസണ്, ജിതേഷ് ശര്‍മ എന്നിവരാണ് അവസരം തേടുന്ന വിക്കറ്റ് കീപ്പര്‍മാര്‍.
ഇതില്‍ ഇഷാന് കിഷനും ജിതേഷ് ശര്‍മക്കുമാണ് കൂടുതല്‍ സാധ്യത കല്പ്പിച്ചിരുന്നത്. എന്നാല്‍ ടീം മാനേജ്മെന്റിനെ കബളിപ്പിച്ച് ടീമില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന് കിഷനെ ഇപ്പോള്‍ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. എന്നാല്‍ ടി20 ലോകകപ്പിന് മുൻപ് ഇഷാന് ടീമിലേക്ക് വിളി നല്‍കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ഇഷാനെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതോടൊപ്പം ഇഷാന്റെ മാനസികാരോഗ്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ‘ഇഷാന് മാനസികാരോഗ്യപരമായി വലിയ പ്രശ്നം നേരിടുകയാണ്. ഇപ്പോള്‍ വലിയ ഇടവേള അവന് ആവശ്യപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അവനെ പിന്തുണക്കുകയും വേണ്ട സ്വാതന്ത്ര്യം നല്‍കുകയുമാണ് വേണ്ടത്’ ടെലഗ്രാഫ് ഇന്ത്യയോട് ഇഷാന്റെ അടുത്ത ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ഇപ്പോള്‍ ഇഷാന് എവിടെയാണ് ചികിത്സയിലെന്നത് പോലും വ്യക്തമല്ല.
അതേ സമയം ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇഷാന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണ് ഇടവേളയെടുത്തത്. എന്നാല്‍ ഇതിന് ശേഷം ഇഷാന് ചാനലിന് അഭിമുഖമടക്കം നല്‍കിയിരുന്നു. ഇതില്‍ ടീം മാനേജ്മെന്റിനും സെലക്ടര്‍മാര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിന്നും ഇഷാന് തഴയപ്പെട്ടത്. ഇപ്പോള്‍ ടി20 ലോകകപ്പിന്റെ വാതിലും താരത്തിന് മുന്നില്‍ അടഞ്ഞിരിക്കുകയാണ്.
ഇഷാന്റെ അഭാവത്തില്‍ സഞ്ജു സാംസണിന്റെ ടി20 ലോകകപ്പ് സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്. അഫ്ഗാന് പരമ്പരയില്‍ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ഡെക്കിനാണ് സഞ്ജു പുറത്തായത്. കൈയടി നേടാനുള്ള അവസരം സഞ്ജു നഷ്ടപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് നേരിട്ട് പരിഗണന ലഭിക്കാന്‍ സാധ്യത കുറവാണ്. വരുന്ന ഐപിഎല്ലിലെ പ്രകടനം സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമായി മാറും.
രാജസ്ഥാന് റോയല്‍സ് നായകനായ സഞ്ജുവിന്റെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണ്. ഇതിന് പരിഹാരം കാണാന്‍ വരുന്ന സീസണില്‍ സാധിച്ചാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് കളിക്കാനുള്ള അവസരം ലഭിച്ചേക്കും. സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജുവെന്ന് നിസംശയം പറയാം. എന്നാല്‍ ഉത്തരവാദിത്തമില്ലാത്ത ബാറ്റ്സ്മാനാണ് എന്നതാണ് താരത്തെ പിന്നോട്ടടിക്കുന്നത്.
അതേ സമയം സഞ്ജുവിന് കെ എല്‍ രാഹുല്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഇന്ത്യയുടെ സീനിയര്‍ ബാറ്റ്സ്മാനായ രാഹുല്‍ ടെസ്റ്റിലും ഏകദിനത്തിലും വിക്കറ്റ് കീപ്പറായി കളിക്കുന്നു. എന്നാല്‍ ഏറെ നാളുകളായി ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഇന്ത്യ ടി20യിലേക്ക് തിരിച്ചുവരവ് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഹുലിനെ നിലവില്‍ തഴഞ്ഞിരിക്കുകയാണ്. സഞ്ജുവിനെ മറികടന്ന് ഇന്ത്യ രാഹുലിനെ പരിഗണിക്കാനും സാധ്യയുണ്ട്.
റിഷഭ് പന്ത് പരിക്കിന്റെ പിടിയിലാണ്. ടി20 ലോകകപ്പിന് മുമ്ബ് റിഷഭിന് തിരിച്ചുവരവ് നടത്താനായേക്കില്ല. വരുന്ന ഐപിഎല്ലില്‍ റിഷഭ് കളിക്കുമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് വൈകാനാണ് സാധ്യത. നിലവില്‍ കാര്യങ്ങള്‍ സഞ്ജുവിന് അനുകൂലമാണ്. വരുന്ന ഐപിഎല്ലിനെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.