സ്പോർട്സ് ഡസ്ക് : ഇന്ത്യയുടെ സമീപകാല തോല്‍വികള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.ഗംഭീറിന് കീഴില്‍, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും ന്യൂസിലൻഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയും ഇന്ത്യ തോറ്റതിന് പിന്നാലെ വലിയ വിമർശനങ്ങള്‍ ഗംഭീർ നേരിട്ടു. എന്നാല്‍ തനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ലെന്ന് ഗംഭീർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.”സോഷ്യല്‍ മീഡിയ- എൻ്റെ ജീവിതത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്? ഇതൊരു വെല്ലുവിളി നിറഞ്ഞതും അഭിമാനകരവുമായ ജോലിയാണ്, എനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ല, കാരണം എൻ്റെ ശ്രദ്ധ ടീമില്‍ ആണ്” ഗംഭീർ പറഞ്ഞു.
ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് യാത്ര തിരിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആദ്യസംഘത്തില്‍ ഉണ്ടായിരുന്നില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ 4–0ന് പരാജയപ്പെടുത്തണം. എന്നാല്‍ ഈ ലക്ഷ്യം ഇപ്പോള്‍ ടീമിന് മുന്നിലില്ലെന്നും പരമ്പര നേടുക മാത്രമാണ് ഉദ്ദേശ്യമെന്നും ഓസ്ട്രേലിയയിലേക്ക് തിരിക്കുംമുന്‍പ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. ‘ഓരോ പരമ്പരയും പ്രധാനമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രണ്ട് നല്ല ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യം. അതുവഴി ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തുകയും…’ ഗംഭീര്‍ മുംബൈയില്‍ പറഞ്ഞു.കഴിഞ്ഞ രണ്ടുതവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യ ഇക്കുറി കടുത്ത സമ്മര്‍ദങ്ങളുടെ നടുവിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയന്‍റ് പട്ടികയില്‍ ഒന്നാമതായിരുന്ന ടീം ന്യൂസീലാന്‍ഡിനെതിരായ പരമ്പരയില്‍ 3–0ന് തോറ്റതോടെ രണ്ടാംസ്ഥാനത്തേക്ക് വീണു. ഈമാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ മല്‍സരത്തില്‍ കളിക്കില്ല. കോലിയുടെ ഫോമിനെക്കുറിച്ചും ടീം മാനേജ്മെന്‍റിന് ആശങ്കയുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. പരുക്കേറ്റ മുഹമ്മദ് ഷമി ഇല്ലാത്തതിനാല്‍ ബോളിങ്ങിലും ബുംറയ്ക്കുമേല്‍ സമ്മര്‍ദം വര്‍ധിക്കും.രോഹിത്തിന് പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ എത്താനാണ് സാധ്യത. അഭിമന്യു ഈശ്വരന്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും 53 ടെസ്റ്റ് കളിച്ച രാഹുലിന്‍റെ പരിചയസമ്പത്തിന് ടീം മാനേജ്മെന്‍റ് ആദ്യപരിഗണന നല്‍കുമെന്നാണ് കോച്ചിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍ എന്നും ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു.