സ്പോർട്സ് ഡസ്ക് : രോഹിത് ശര്‍മ വിരമിക്കുമെന്ന് സോഷ്യല്‍ മീഡിയ ചർച്ച സജീവം. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇതുസംബന്ധിച്ച് വലിയ സൂചന താരം നല്‍കിക്കഴിഞ്ഞു. ഔട്ട് ആയി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ഡഗ്ഔട്ടില്‍ എത്തുന്നതിനു മുന്‍പ് ഗ്ലൗസ് ഉപേക്ഷിച്ചതാണ് ഈ സൂചന.ഡഗ്ഔട്ടിനു സമീപം പരസ്യബോര്‍ഡിനു പിന്നിലാണ് ഗ്ലൗസ് ഉപേക്ഷിച്ചത്. വെറും പത്ത് റണ്‍സെടുത്താണ് താരം പുറത്തായത്. ഏറെ നിരാശനായിരുന്നു അദ്ദേഹം. ഓസീസ് പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റിലും ഇന്ത്യ വന്‍ തിരിച്ചടിയാണ് നേരിടുന്നത്.
ബ്രിസ്ബേനില്‍ പുരോഗമിക്കുന്ന ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി വരെ നേരിട്ടിരുന്നു. അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ഇന്ത്യ വൻ വിജയം നേടിയിരുന്നു. അന്ന് രോഹിത് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. അതിന് മുമ്പ് ഇന്ത്യയില്‍ നടന്ന ന്യൂസിലാൻഡിന് എതിരായ ടെസ്റ്റില്‍ പരമ്പര തോറ്റ് നാണം കെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ രോഹിതിന്റെ തന്ത്രങ്ങള്‍ക്കും ക്യാപ്റ്റൻസിക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.