ദുബായ് : ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ട് ടീമിലെ സഹതാര ഹാരി ബ്രൂക്ക് ആണ് ബാറ്റിംഗ് റാങ്കിംഗില്‍ റൂട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും നേടിയ സെഞ്ചുറികളാണ് ബ്രൂക്കിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.അഡ്ലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ റിഷഭ് പന്തിനും വിരാട് കോലിക്കും റാങ്കിംഗില്‍ കനത്ത തിരിച്ചടി നേരിട്ടു. റിഷഭ് പന്ത് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സഥാനത്തേക്ക് വീണപ്പോള്‍ വിരാട് കോലി ആറ് സ്ഥാനം നഷ്ടമായി 20ാം സ്ഥാനത്തായി. യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഇന്ത്യക്കെതിരെ അഡ്ലെയ്ഡില് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ആറ് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.