സ്പോർട്സ് ഡെസ്ക് : സ്വന്തം തട്ടകത്തില്‍ ന്യൂസിലാൻഡിനോടേറ്റ കനത്ത തിരിച്ചടിക്ക് ശേഷം, വിജയം മാത്രം പ്രതീക്ഷിച്ചാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുന്നത്.നവംബര് 8ന് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ടി20 പരമ്പരയിൽ നാലു മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടും.ശ്രീലങ്കയിലും ബംഗ്ലാദേശിലും നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സുര്യകുമാർ യാദവും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. ടി20 ലോകകപ്പ് ഫൈനലിനു ശേഷം ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുന്ന പരമ്പരകൂടിയാണിത്.
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമിലുണ്ട്. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച വെടിക്കെട്ട് പ്രകടനം സഞ്ജു ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിലോക്ക് പരിഗണിച്ചിരിക്കുന്നത്. ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ശർമയും തുടർന്നേക്കുമെന്നാണ് സൂചന.സൂപ്പർ താരങ്ങളുടെ അഭാവത്തില്‍ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് മത്സരം എളുപ്പമാകില്ല. അതേസമയം, സമീപകാല ടി20 മത്സരങ്ങളിലെ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് ടീമിന്റെ ആത്മവിശ്വാസം.ഡർബൻ, ഗ്കെബർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിങ്ങനെ നാല് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സ്പോർട്സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ജിയോസിനിമ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും തത്സമയം മത്സരം കാണാം.