ന്യൂസ് ഡെസ്ക് : ടി ട്വൻ്റി ലോകകപ്പിൻ്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ആവേശകരമായ ടൂര്‍ണമെന്റായി ഇത്തവണത്തേത് മാറുമോ? സ്ലോ തുടക്കത്തിനു ശേഷം ടൂര്‍ണമെന്റ് ഇപ്പോള്‍ ആവേശത്തിലേക്കു കത്തിക്കയറിയിരിക്കുകയാണ്.കുഞ്ഞന്‍ ടീമുകളുടെ അട്ടിമറികളാണ് ഈ ലോകകപ്പിനെ ഇതിനകം സ്പെഷ്യലാക്കി മാറ്റിയിരിക്കുന്നത്. ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്ന തരത്തിലാണ് ഇപ്പോള്‍ ടൂര്‍ണമെന്റ് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. ലോകകപ്പ് തുടങ്ങി ഒരാഴ്ചയ്ക്കിടെ പല അട്ടിമറികള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം നാലു അട്ടിമറികളാണ് കണ്ടത്. ഇതു തീര്‍ച്ചയായും ഈ ലോകകപ്പിനെ ആവേശകരമാക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയാണ് ടൂര്‍ണമെന്റിലെ ആദ്യത്തെ അട്ടിമറിക്കു തിരികൊളുത്തിയത്. അതിനു മുമ്ബ് പാപ്പുവ ന്യൂഗ്വിനി ഒരു വമ്ബന്‍ അട്ടിമറിക്കു തൊട്ടരികില്‍ വരെയെത്തിയിരുന്നു. രണ്ടു തവണ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. കഷ്ടിച്ചാണ് വിന്‍ഡീസ് അന്നു അഞ്ചു വിക്കറ്റ് ജയവുമായി തടിതപ്പിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
137 റണ്‍സ് ചേസ് ചെയ്യവെ പാപ്പുവയ്ക്കെതിരേ വിന്‍ഡീസ് 16ാം ഓവറില്‍ അഞ്ചു വിക്കറ്റിനു 97 റണ്‍സെന്ന നിലയില്‍ വിറച്ചിരുന്നു. എന്നാല്‍ റോസ്റ്റണ്‍ ചേസിന്റെ (27 ബോളില്‍ 42*) ഇന്നിങ്സ് വിന്‍ഡീസിനെ നാണക്കേടിനു രക്ഷിച്ചു. ഇല്ലായിരുന്നെങ്കില്‍ പാപ്പുവ ടീം ചരിത്രത്തില്‍ തങ്ങളുടെ പേര് കുറിച്ചേനെ. ഇതിനു ശേഷം നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരേ സ്കോട്ട്ലാന്‍ഡിനും അട്ടിമറി സാധ്യതയുണ്ടായിരുന്നു.
പക്ഷെ മഴ എല്ലാം തകിടം മറിക്കുകയായിരുന്നു. മഴ കാരണം 10 ഓവറായി ചുരുക്കിയ കളിയില്‍ സ്കോട്ടിഷ് ടീം 109 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. 10 ഓവറില്‍ ഇത്രയും റണ്‍സ് നേടുയെന്നത് അത്ര എളുപ്പവുമല്ല. പക്ഷെ മഴ കാരണം ഇംഗ്ലണ്ടിന്റെ റണ്‍ചേസ് നടന്നില്ല, കളി ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഡല്ലാസില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ അമേരിക്കന്‍ ടീമിന്റെ അദ്ഭുത വിജയം. മുന്‍ ചാംപ്യന്മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ പാകിസ്താനെ കന്നി ലോകകപ്പില്‍ കളിക്കുന്ന അമേരിക്ക സ്തബ്ധരാക്കുകയായിരുന്നു. ടൈയില്‍ കലാശിച്ച ത്രില്ലറില്‍ സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് അടിച്ചെടുക്കാന്‍ അമേരിക്കയ്ക്കു സാധിച്ചു. പാകിസ്താനു ഒരു വിക്കറ്റിനു 13 റണ്‍സ് നേടാനേ ആയുള്ളൂ.
ഇതിനു തൊട്ടടുത്ത ദിവസം വീണ്ടുമൊരു അട്ടിമറി കണ്ടു. അമേരിക്കയപ്പോലെ തന്നെ ആദ്യമായി ലോകകപ്പില്‍ കളിച്ച കാനഡ ടീം 12 റണ്‍സിനു അയര്‍ലാന്‍ഡിനെ തീര്‍ക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കാനഡ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ അയര്‍ലാന്‍ഡിനു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മൂന്നാമത്തെ അട്ടിമറി അഫ്ഗാനിസ്താന്റെ വകയായിരുന്നു. കിരീട ഫേവറിറ്റുകളിലൊന്നായ ന്യൂസിലാന്‍ഡിനെ അവര്‍ മുക്കുകയായിരുന്നു. തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ കിവികളെ 84 റണ്‍സിനാണ് അഫ്ഗാന് തരിപ്പണമാക്കിയത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ന്യൂസിലാന്‍ഡിനെതിരേ അഫ്ഗാന് ജയം കൊയ്തിരിക്കുന്നത്. അതിനു പിന്നാലെ വീണ്ടുമൊരു അട്ടിമറി കൂടി നടന്നു കഴിഞ്ഞു. മുന്‍ ചാംപ്യന്മാരായ ശ്രീലങ്കയ്ക്കാണ് ഇത്തവണ അടിതെറ്റിയത്. ഏഷ്യന്‍ പോരാട്ടത്തില്‍ ബംഗ്ലാദേശാണ് രണ്ടു വിക്കറ്റിനു ലങ്കയെ സ്തബ്ധരാക്കിയത്. ടി20 ലോകകപ്പില്‍ മുമ്ബൊരിക്കലും ലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയിട്ടില്ലെന്നു അറിയുമ്ബോഴാണ് ഇതു വലിയ അട്ടിമറി തന്നെയാണെന്നു ബോധ്യമാവുക. അടുത്ത അട്ടിമറി ഏതാവുമെന്നാണ് ഇനി അറിയാനുള്ളത്. സൗത്താഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്സ് അട്ടിമറി സൃഷ്ടിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഡച്ച് ടീം സൗത്താഫ്രിക്കയ്ക്കു ഷോക്ക് നല്‍കിയിരുന്നു.