കണ്ടം ക്രിക്കറ്ററേയും ഇന്ത്യൻ ടീമിന്റെ വിശാല ലോകം സ്വപ്നം കാണാൻ പഠിപ്പിച്ചവർ ! ഐപിഎൽ താരലേലം അവസാനിക്കുമ്പോൾ പാതി മുറിഞ്ഞ സ്വപ്നത്തിന്റെ നോവുന്ന ഓർമകൾക്ക് മുന്നിൽ മലയാളി താരങ്ങൾ

സ്പോർട്സ് ഡെസ്ക് : അരി സഞ്ചിയും, മണ്ണെണ്ണ പാത്രവും റേഷൻ കാർഡും പലചരക്ക് കടയിലേയ്ക്ക് അമ്മ കുറിച്ചു തന്ന കുറിപ്പും ചുരുട്ടി കയ്യാലപ്പുറത്ത് വച്ച് റബ്ബർ തോട്ടത്തിൽ വേൾഡ് കപ്പ് കളിക്കുന്ന സച്ചിനും ഗാംഗുലിക്കും സേവാഗിനുമൊക്കെയൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന തൊണ്ണൂറുകളിലെ കുട്ടിക്കാലം. കളി പാതിവഴിയിൽ എത്തി നിൽക്കുമ്പോൾ കടന്നു വരുന്ന ഇത്തരക്കാർക്ക് ടീമിൽ ഇടം ലഭിക്കില്ല മിക്കവാറും കൂന്ത (common ) ആകാനാവും സാധിക്കുക. ഇനി ടീം ആക്കാനുള്ള ആളില്ല എങ്കിൽ ബാറ്റ് മറച്ച് പിടിച്ച് അക്കങ്ങൾ എഴുതി മറുവരയിൽ തൊടും . കൂട്ടത്തിൽ സീനിയർ ആരിക്കും ഈ ചുമതല നിർവഹിക്കും ഓരോരുത്തർക്കും ലഭിച്ച ക്രമത്തിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കളി മാറും. ഒരു പക്ഷേ ഐസിസി പോലും ഇത് കണ്ടാൽ ഞെട്ടിത്തരിച്ച് പോയിരുന്നിരിക്കാം. ഓലമടലിൽ എം ആർ എഫും , ബ്രിട്ടാനിയയും പച്ചകുത്തി ഒട്ടുപാൽ ചുറ്റിയെടുത്ത് ഉണ്ടാക്കിയ പന്തിൽ ക്രിക്കറ്റ് കളിച്ച് സെഞ്ചുറികൾ നേടിയില്ലെങ്കിലും ബാറ്റ് ഉയർത്തി അഭിമാനം കൊണ്ടിരുന്ന ആ കാലം.

Advertisements

പിന്നിട് തടി ബാറ്റിലേയ്ക്കും സ്റ്റമ്പറിന്റെ റബ്ബർ പന്തിലേയ്ക്കും കാലം മാറി. വള്ളി നിക്കറിൽ നിന്നും പാന്റ്സിലേക്കും ബനിയനിലേക്കുമുള്ള മാറ്റവും. എന്നാലും കളി രീതിയും തർക്കങ്ങളും അതേപടി തുടർന്നു. കാലം വീണ്ടും വളർന്നപ്പോൾ റെഡിമെയ്ഡ് ബാറ്റും , സ്റ്റമ്പും , ടെന്നിസ് ബോളുമെല്ലാം പുതിയ സ്ഥാനം അലങ്കരിച്ചു. ടീമായി കണ്ടങ്ങളിലും ഗ്രൗണ്ടുകളിലും ടൂർണമെന്റുകൾ. വിജയവും പരാജയവും വഴക്കുകളും കുറ്റപ്പെടുത്തലുകളുമെല്ലാം നിറഞ്ഞ കാലം. തൊണ്ണൂറുകളിലെ തലമുറകൾ ക്രിക്കറ്റ് കളിക്കുവാൻ തന്നെ മറന്നു തുടങ്ങിയ ടീനേജ് പ്രായം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2008 ലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് അരങ്ങുണർത്തുന്നത്. നാട്ടിൻ പുറങ്ങളിൽ ക്രിക്കറ്റ് കളിക്ക് മറ്റൊരു മാനം വന്ന കാലം ടീമുകളുടെ ജേഴ്സിയണിഞ്ഞ് നാട്ടിൻ പുറങ്ങളിൽ ധോണിയും റെയ്നയും യുവരാജുമൊക്കെ സിക്സറടിച്ചു. കാലം മുന്നോട്ടു കുതിച്ചപ്പോൾ വീണ്ടും മാറ്റങ്ങളായി കേരളത്തിന് അഭിമാനമായി കൊച്ചി ടസ്ക്കേഴ്സ് ടീമും ഐപിഎല്ലിൽ കയറിക്കൂടി. ആ ടീം വിജയമായിരുന്നില്ലെങ്കിൽ കൂടിയും ഒരുപറ്റം മലയാളി താരങ്ങൾ കേരളത്തിൽ നിന്നും പുതിയ ക്രിക്കറ്റ് ലോകത്തിലേയ്ക്ക് ഫ്ലൈറ്റു കയറി. പിന്നീട് മുൻ നിര ടീമുകളുടെ വിശ്രമമുറികൾ വരെ മലയാളി താരങ്ങൾ എത്തി. ചിലർ കളിക്കളത്തിൽ മികവ് കാട്ടി.

അതായിരുന്നു കണ്ടം ക്രിക്കറ്റ് കണ്ട പുതിയ സ്വപ്ന കാലത്തിന്റെ ആരംഭം. പൊരി വെയിലത്ത് വിശപ്പറിയാതെ കളിച്ച് രാത്രി ക്ഷീണിച്ചുറങ്ങുമ്പോഴും ഐപിഎല്ലിൽ പലരും സെഞ്ചുറികൾ വാരിക്കൂട്ടി. അപ്രാപ്യമായ പല റെക്കോർഡുകളും പല രാത്രികളിലും പിറന്നു. ഫുട്ട് വർക്ക് അറിയാതെ കവർ ഡ്രൈവ് അറിയാതെ ഗാർഡ് എടുക്കാൻ അറിയാതെ , ഫീൽഡിങ് പോയിന്റുകൾ അറിയാതെ അങ്ങനെ എത്രയെത്ര കൂറ്റൻ സ്കോറുകൾ . അതെ തീർച്ചയായും കേരളത്തിന്റെ യൗവ്വനത്തെ കണ്ടം ക്രിക്കറ്റർമാരെ ഇന്ത്യൻ ടീമിന്റെ വിശാല ലോകം സ്വപ്നം കാണാൻ പഠിപ്പിച്ചത് ആ മെഗാ മമാങ്കം തന്നെയായിരുന്നു. ചിലർ ആ വഴിയിൽ വിജയം കണ്ടു. കോച്ചിംഗ് നേടി ജില്ലാ ടീമിലും ലീഗ് മത്സരങ്ങളിലും കളിച്ചു മടങ്ങിയവർ. കേരള ടീമിൽ കയറി കൂടിയവർ അങ്ങനെ നിരവധി ആളുകൾ ക്രിക്കറ്റിന്റെ മായാ വലയത്തിൽ ഇന്നും കറങ്ങി തിരിഞ്ഞ് നടക്കുന്നുണ്ടാകാം.

എന്നാൽ പിൻവലിയുവാൻ തയ്യാറാവാതെ വീണ്ടും സ്വപ്നങ്ങളുടെ ചിറകിലേറി പറന്നവർ. 2022 ലെ ഇക്കഴിഞ്ഞ താരലേലവും പല കളിക്കാർക്കും സ്വപ്ന തുല്യമായ ചില പ്രതീക്ഷകൾ നൽകിയിരുന്നു. പക്ഷേ പാതി മുറിഞ്ഞു പോയ സ്വപ്നത്തിൽ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉറക്കമില്ലാത്ത ദുഃഖ രാത്രിയുടെ വേദന നിറഞ്ഞ പുത്തൻ അനുഭവ കാലമാണ് പുതിയ വർഷം അവർക്ക് പകർന്നത്.13 കളിക്കാർ കേരളത്തിൽ നിന്നും ലേലത്തിന് യോഗ്യത നേടി എങ്കിലും 5 പേർ മാത്രമാണ് തിരഞ്ഞടുക്കപ്പെട്ടത് ശ്രീശാന്തുൾപ്പടെയുള്ള താരങ്ങളെ വാങ്ങുവാൻ ഒരു ടീമും തയ്യാറായതുമില്ല. റോബിൻ ഉത്തപ്പ, ജലജ് സക്സേന, സച്ചിൻ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ്, ബേസിൽ തമ്പി, എസ്.മിഥുൻ, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മൽ, ഷോൺ റോജർ തുടങ്ങിയവരാണ് കേരള ടീമിൽ നിന്നുള്ള മറ്റു താരങ്ങൾ. സക്സേന ഒഴിച്ചാൽ ബാക്കി എല്ലാവരും മലയാളി താരങ്ങൾ തന്നെ പക്ഷേ കഴിവുണ്ടായിട്ടും മികവ് തെളിയിക്കുവാൻ കഴിയാതെ 9 പേർ പുറത്തായി. വിഷ്ണു വിനോദ്, ഉത്തപ്പ , തമ്പി, ആസിഫ് എന്നിവരാണ് ഇത്തവണ ഉൾപ്പെട്ട താരങ്ങൾ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി തുടർന്നു.

Hot Topics

Related Articles