കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റില്‍; ഋഷഭ് പന്തിന് നഷ്ടമായത് ഒന്നരക്കോടി രൂപ

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പണം നല്‍കാതെ താമസിച്ച്‌ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ക്രിക്കറ്റ് താരത്തെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു.

Advertisements

മൃണാങ്ക് സിംഗ് എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. ഹരിയാന അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ച മൃണാങ്ക് സിംഗ് ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ മുംബയ് ഇന്ത്യൻസിനെ പ്രതിനിധീകരിച്ചിരുന്നു എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡല്‍ഹിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരാഴ്ച താമസിച്ചശേഷം 5,53,362 രൂപ നല്‍കാതെ മുങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞവര്‍ഷം ജലൈയിലാണ് മൃണാങ്ക് സിംഗ് ഹോട്ടലില്‍ റൂമെടുത്തത്. അവിടത്തെ എല്ലാ സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ ഇയാള്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു.

ബില്ലടയ്ക്കണമെന്ന് ഹോട്ടലുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സ്പോണ്‍സറായ അഡിഡാസ് പണം നല്‍കുമെന്ന് പറഞ്ഞു. തുടര്‍ന്ന് പണമ‌ടയ്‌ക്കേണ്ട അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഹോട്ടലില്‍ നിന്ന് വാങ്ങി.
അല്പം കഴിഞ്ഞതോടെ രണ്ടുലക്ഷം രൂപ അടച്ചുവെന്ന് കാണിക്കുന്ന സ്ക്രീൻ ഷോട്ട് നല്‍കി. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് മൃണാങ്കിനെയും അയാളുടെ മാനേജരെയും വിളിച്ചപ്പോള്‍ ഉടൻ പണം നല്‍കാമെന്ന് അറിയിച്ചു. പറഞ്ഞ അവധികള്‍ കഴിഞ്ഞും പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൃണാങ്കിന്റെ വിലാസത്തിലേക്ക് പൊലീസ് നോട്ടീസ് അയച്ചെങ്കിലും മകന്റെമേല്‍ തനിക്ക് ഒരു നിയന്ത്രണവുമില്ലെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നുമായിരുന്നു പിതാവ് അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ക്രിസ്തുമസ് ദിനത്തില്‍ ഹോങ്കോങ്ങിലേക്ക് പോകാൻ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മോഡലുകള്‍ ഉള്‍പ്പെട്ട നിരവധി യുവതികളുമായി ഇയാള്‍ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും ഐപില്‍ താരം എന്നനിലയിലാണ് അവരുമായെല്ലാം ബന്ധം സ്ഥാപിച്ചതെന്നും ഫോണ്‍ പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല ഇയാള്‍ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവുകളും ലഭിച്ചു. ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള നിരവധിപേരെ താൻ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ആഡംബര വസ്തുക്കളുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ് ആരംഭിച്ചുവെന്നും മുന്തിയ ഇനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുകൊടുക്കാമെന്നു പറഞ്ഞാണ് ഋഷഭ് പന്തിനെ സമീപിച്ചത്. ഇത് വിശ്വസിച്ച പന്ത് വിലകൂടിയ വാച്ചുകള്‍ വാങ്ങുന്നതിനായി 1.63 കോടി രൂപ കൈമാറി. എന്നാല്‍ പറഞ്ഞ സമയത്ത് പ്രസ്തുത സാധനങ്ങള്‍ ലഭിക്കാതെ വന്നതോടെ പന്ത് വക്കീല്‍ നോട്ടീസ് അടച്ചു. ഇതിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തുകയും വാങ്ങിച്ച തുകയ്ക്കുള്ള ചെക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് വണ്ടിച്ചെക്കായിരുന്നു.

Hot Topics

Related Articles