ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ കുതിപ്പുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ . അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന രോഹിത് നിലവില്‍ ആറാം റാങ്കിലാണുള്ളത്. ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും എതിരായ മിന്നും പ്രകടനമാണ് ഹിറ്റ്മാന് തുണയായത്.
അഫ്ഗാനിസ്ഥാനെതിരെ 84 പന്തുകളില്‍ 131 റണ്‍സടിച്ച് കൂട്ടിയ രോഹിത് പാകിസ്ഥാനെതിരെ 63 പന്തുകളില്‍ 86 റണ്‍സായിരുന്നു നേടിയിരുന്നത്. രണ്ടാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലും ഒൻപതാം റാങ്കിലുള്ള വിരാട് കോലിയുമാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇതാദ്യമായാണ് റാങ്കിങ്ങില്‍ രോഹിത് വിരാട് കോലിയെ മറികടക്കുന്നത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കും നേട്ടമുണ്ടാക്കി. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളോടെ (ശ്രീലങ്കയ്ക്കെതിരെ 100, ഓസ്ട്രേലിയയ്ക്കെതിരെ 109) മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം നിലവില്‍ മൂന്നാമതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഫ്ഗാനിസ്ഥാൻ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (19 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 18-ാം റാങ്കില്‍), നെതര്‍ലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേര്‍ഡ്സ് (16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 27-ാം റാങ്കില്‍) എന്നിവരും നേട്ടമുണ്ടാക്കി. പാകിസ്ഥാന് നായകന് ബാബര്‍ അസമാണ് തലപ്പത്ത്. 836 റേങ്ങിങ് പോയിന്റുള്ള ബാബറുമായി ഗില്ലിന് 18 റേറ്റിങ് പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഡെങ്കിപ്പനി ബാധിതനായതിനെ തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ ശുഭ്മാന്‍ ഗില്ലിന് നഷ്ടമായിരുന്നു.