അച്ഛനാരാണന്ന് അറിയാത്തതുകൊണ്ട് ഒന്നുമെഴുതാനാവാതെ വിതുമ്പി നിൽക്കേണ്ടി വന്ന ഒരു വിദ്യാർത്ഥി : കയ്യിൽ ക്രിക്കറ്റ് ബാറ്റുമായി അവനെത്തി : വിൻഡീസ് ക്രിക്കറ്റ് താരത്തെപ്പറ്റി ജയറാം ഗോപിനാഥ് എഴുതുന്നു

ക്രിക്കറ്റും ജീവിതവും

Advertisements
ജയറാം ഗോപിനാഥ്

ക്ലാസ്സിൽ എല്ലാവരോടും അച്ഛനെകുറിച്ച് എഴുതാൻ അദ്ധ്യാപകൻ ആവിശ്യപെട്ടപ്പോൾ, അച്ഛനാരാണന്ന് അറിയാത്തതുകൊണ്ട് ഒന്നുമെഴുതാനാവാതെ വിതുമ്പി നിൽക്കേണ്ടി വന്ന ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു….
അന്യന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കികൊടുത്തു കിട്ടുന്ന തുച്ഛമായ പണത്തിന്, ഭക്ഷണം വാങ്ങിയെത്തുന്ന അമ്മയെ വിശന്ന വയറോടെ കാത്തിരുന്ന ഒരു മകനുണ്ടായിരുന്നു….


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴയത്ത്‌ നനഞ്ഞൊലിക്കുന്ന കൂരയുടെ, നനവില്ലാത്ത മൂലയിലേക്ക് കട്ടിൽനീക്കിയിട്ട് തന്റെ ചേച്ചിയെ അവിടെ കിടത്തി, സ്വയം നനവിലേയ്ക്ക് മാറിനിന്ന ഒരു സഹോദരനുണ്ടായിരുന്നു…

ഒരിക്കലവൻ സ്കൂളിൽ നിന്നും തിരികെയെത്തിയത് കൈയ്യിലൊരു ക്രിക്കറ്റ്‌ ബാറ്റുമായിട്ടായിരുന്നു. ആ ബാറ്റ് അമ്മയെ കാട്ടിയിട്ട് അവൻ ഇപ്രകാരം പറഞ്ഞു
“എനിക്ക് പട്ടിണി കിടന്ന് മരിയ്‌ക്കേണ്ടമ്മേ… എനിക്ക് നിങ്ങളെ ഈ പട്ടിണിയിൽ നിന്നും മോചിപ്പിക്കണം”

അവൻ ക്രിക്കറ്റിനെ കണ്ടത് കേവലമൊരു ഗെയിമായിട്ടായി രുന്നില്ല. പട്ടിണി മാറ്റുവാനുള്ള, തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും മെച്ചപെട്ട ജീവിതം നൽകുവാനുള്ള ഒരു ഉപജീവനമാർഗമായിട്ടാരുന്നു.

ഇന്ന്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ മെറൂൺ ജെഴ്സ്സിയിലും, വിവിധ T20 ഫ്രാൻ‌ഞ്ചയസികളുടെ പല വർണ്ണ ജെഴ്സികളിലും സിക്സറുകൾ അടിച്ചു കൂട്ടുന്ന, ജൂനിയർ “ആൻഡ്രേ റസ്സൽ ” എന്ന വിളിയ്ക്കപ്പെടുന്ന അവന്റെ പേര് “റോവ്മാൻ പവൽ ” എന്നാണ്.

ആകാശത്തിന്റെ അനന്തതയോട് കുശലം ചോദിച്ച ശേഷം ഗ്യാലറിയുടെ സെക്കന്റ്‌ ടീയറിൽ താഴ്ന്നിറങ്ങുന്ന സിക്സറുകൾ പായിക്കുന്ന, കരീബിയൻ കരുത്തിന്റെ നവപ്രതീകമായി മാറിക്കൊണ്ടിരിക്കുന്ന റോവ്മാൻ എന്ന ബാറ്റർ, എന്നിലെ ക്രിക്കറ്റ് പ്രേമിയെ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ട്.

എന്നാൽ, രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പങ്കാളിയാൽ ഉപേക്ഷിക്കപെട്ടിട്ടും, ഭ്രൂണഹത്യ നടത്തിയാലോ എന്ന ചിന്തകളെ തമസ്കരിച്ചു കൊണ്ട് കുഞ്ഞിനെ പ്രസവിച്ചു വളർത്തി വലുതാക്കാൻ ദൃഢനിശ്ചയമെടുത്ത ഒരു അമ്മയെ……ചോർന്നൊലിക്കുന്ന വീടിന്റെ അരക്ഷിതാവസ്ഥയിലും, വിശന്നോട്ടിയ വയറിന്റെ നിസ്സഹായതയിലുമുഴലിയ സഹോദരിയെ…..ക്രിക്കറ്റ് ബാറ്റുകൊണ്ട് സംരക്ഷിക്കാൻ തീരുമാനമെടുത്ത റോവ്മാൻ എന്ന മനുഷ്യൻ, എന്നിലെ മകനെ, സഹോദരനെ, അതിലും എത്രയോപതിൻമടങ്ങ് പ്രചോദിപ്പിക്കുന്നുണ്ട്.

ഗെയ്ലും, പൊള്ളാർഡുമൊക്കെ അരങ്ങോഴിയുമ്പോൾ ഒരു ചോദ്യചിഹ്നമായി മാറികൊണ്ടിരിക്കുന്ന വിൻഡീസ് കുട്ടിക്രിക്കറ്റിന്റെ ഭാവിക്ക് അയാൾ ഒരുത്തരമായേക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടങ്കിൽ…..

രാജസ്ഥാനുമായുള്ള ആ IPL മാച്ചിൽ, ഡൽഹിക്ക് ജയിക്കാൻ മുപ്പത്തിയാറ് റൺസ് വേണ്ടിയിരുന്ന ആ അവസാന ഓവറിൽ, റിഷബ്‍ പന്തും, പ്രവീൺ ആംറയും ഇടപെട്ട് ആ മൊമന്റും നശിപ്പിച്ചില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ ആദ്യ മൂന്ന് പന്തുക്കളെ പോലെതന്നെ ശേഷിച്ച മൂന്ന് പന്തുകളും ഗ്യാലറിയിലേക്ക് കോരിയിട്ട് അയാൾ കളിജയിപ്പിക്കുമായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ….

അത്, പ്രതീക്ഷയും വിശ്വാസവും മാത്രം കൈമുതലാക്കി, ക്രിക്കറ്റ്‌ ബാറ്റെടുത്ത് ജീവിതം വെട്ടിപിടിക്കുവാൻ ഇറങ്ങി പുറപ്പെട്ട ഒരു മനുഷ്യന്റെ വിജയമാണ്.

ഇയാൻ ബിഷപ്പ് പറഞ്ഞത് പോലെ, “അയാളൊരു സ്വപ്നം ജീവിച്ചു തീർക്കുകയാണ്”. മധുരമില്ലാത്ത, നെയ്ത്തിരി നാളമില്ലാത്ത,
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാത്ത, കെട്ടകാലത്തിന്റെ സ്മരണകൾക്കുമേൽ
പനിനീർ മണം തൂകുന്ന ഒരു തിങ്കളായിമാറിക്കൊണ്ട്…

പ്രീയപെട്ട റോവ്മാൻ, കോമിക്ക് പുസ്തകങ്ങൾ സൃഷ്ടിച്ചെടുത്ത സൂപ്പർമാൻമാരല്ല, മറിച്ച്, പച്ചയായ ജീവിതപ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന നിങ്ങളെ പോലുള്ള “റോവ്മാൻമാരാണ്” യുവതലമുറയ്ക്കു പ്രതീക്ഷയും, പ്രചോദനവും, പ്രേരകവുമായി മാറുന്നത്.

Hot Topics

Related Articles