സ്പോർട്സ് ഡെസ്ക്ക് : ബാല്യത്തിൽ കേട്ട താരാട്ടുപാട്ടുകളിൽ നിന്ന് തന്നെ ഒരു പക്ഷേ അവൾ താളം ഉൾക്കൊണ്ടിരുന്നിരിക്കാം. വലുതായി ഓർമ്മ വച്ച് തുടങ്ങിയപ്പോൾ തന്നെ നൃത്തം അവളെ അത്രകണ്ട് സ്വാധീനിച്ചിരുന്നു. യാഥാസ്ഥിതിക തമിഴ് കുടുംബങ്ങൾക്കപ്പുറമായി വിദ്യാ സമ്പന്നരായ മാതാപിതാക്കൾ, അവരുടെ ശിക്ഷണത്തിൽ വളർന്ന പെൺകുട്ടിക്ക് ഏതൊരു സ്വപ്നവും അപ്രാപ്യമായിരുന്നില്ല.
പക്ഷേ ചിലങ്കയണിഞ്ഞ് ഭാവഭേദത്തിന്റെ വൈവിധ്യങ്ങൾ മുഖത്ത് ചാലിച്ച് വേദികളെ നിറ കയ്യടിയുടെ അകമ്പടിയോടെ ചുവട് വച്ചുണർത്തുവാൻ ആ പെൺകുട്ടിക്കായില്ല.
നിയോഗം അച്ഛന്റെ താല്പര്യത്തിന് ചൂട്ട് തെളിച്ചപ്പോൾ ചിലങ്കയണിയുവാൻ നീട്ടിയ കാലുകളിൽ പാഡണിയുവാനായിരുന്നു അവൾക്ക് വിധി. സ്വപ്നവും പ്രതീക്ഷയും താല്പ്പര്യങ്ങളുമെല്ലാം 22 യാർഡിലേക്ക് തളച്ചിടപ്പെടുമെന്ന് കരുതിയ പത്താം ക്ലാസ്സുകാരി പക്ഷേ പാഡും ഷൂസും അണിഞ്ഞ പാദങ്ങൾ കൊണ്ട് നൃത്തം തന്നെ ചവുട്ടി മുന്നേറി. കാണികളുടെ ആർപ്പുവിളികളിൽ ആവേശം നിറച്ച് രുധിര താളം ചവുട്ടി അവൾ കളം നിറഞ്ഞു . ഒരു പക്ഷേ അവളും കണ്ണകി കഥകൾ ബാല്യത്തിൽ തന്നെ കേട്ട് പഠിച്ചു വളർന്നിരിക്കാം. ചിലപ്പതികാരം അവളിലും ആവേശം നിറച്ചിരുന്നിരിക്കാം. സ്വപ്നങ്ങളിൽ തോറ്റു തുടങ്ങിയ അവളിലെ രുധിര താളത്തിന്റെ സിംഹ ഗർജന പരിവേഷം ഇക്കാരണത്താൽ തന്നെയാകുമെന്ന് കരുതിയാൽ അത്ഭുതപ്പെടാനില്ല. അതെ അവിടെയൊരു ഇതിഹാസം രൂപമെടുക്കുകയായിരുന്നു. മിതാലി ദൊരെ രാജ് …… എന്ന പേർ ക്രിക്കറ്റ് ലോകത്ത് ചരിത്രം തന്നെയാണിന്ന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈനിലും ലെങ്തിലും മുന്നിലേക്ക് എത്തിയ പന്തുകളിൽ ശാന്ത ഭാവവും കുത്തിയുയർന്നെത്തുന്ന ഷോട്ട് പിച്ച് പന്തുകളിൽ രൗദ്രഭാവവുമായി അവൾ ക്രീസിൽ നൃത്തം ചവുട്ടി. അര മണ്ഡലത്തിൽ സദസ്സിനെ വണങ്ങേണ്ടിയിരുന്നവൾ ഗാർഡ് എടുത്ത് ബാറ്റേന്തി അരങ്ങ് വാണു. നൃത്ത ചുവടുകൾക്ക് പകരം ഫുട് വർക്കുകൾ . അക്ഷരാർത്ഥത്തിൽ ബാക്ക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും ഒറ്റക്കാലിൽ ഹുക്ക് ഷോട്ടിലൂടെയുമെല്ലാം അവൾ മൈതാനത്ത് നൃത്തമാടി. ആദ്യ മത്സരത്തിൽ തന്നെ കുറഞ്ഞ പ്രായത്തിൽ 100 കണ്ടെത്തിയ താരമായി. 10 ാം വയസ്സിൽ പാഡണിഞ്ഞു തുടങ്ങിയ ക്രിക്കറ്റർ 16ാം വയസിൽ സെഞ്ചുറി നേടി രാജ്യാന്തര ക്രിക്കറ്റിൽ തന്റെ സ്ഥാനം എഴുതിച്ചേർക്കുകയായിരുന്നു.
ക്യാപ്റ്റനായി ഇന്ത്യൻ ടീമിന്റെ തലപ്പത്തേക്ക് കടന്നു വന്ന മിതാലിയുടെ യാത്ര പിന്മടക്കമില്ലാത്ത പോരാട്ടത്തിന്റെ കഥ കൂടിയാണ് പറഞ്ഞു വച്ചത്. പത്തൊൻപതാമത്തെ വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി ഉൾപ്പടെ 3 ഫോർമാറ്റിലുമായി നേടിയത് 10868 റൺസ് 333 മത്സരങ്ങളാണ് രാജ്യത്തിന് വേണ്ടി കളിച്ചത്. നൃത്തത്തിൽ കാണിച്ച ഡെഡിക്കേഷൻ ക്രിക്കറ്റിലേയ്ക്ക് പരകായ പ്രവേശം നടത്തുമ്പോൾ ലോകക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഇതിഹാസമായി അവൾ വളർന്നു കഴിഞ്ഞിരുന്നു. ദീർഘമായ കരിയറിൽ 6 തവണ ലോകകപ്പ് മത്സരങ്ങളിൽ പാഡണിഞ്ഞു. വനിതാ ക്രിക്കറ്റിലെ സച്ചിനെന്ന വിശേഷണം പോലും മിതാലിയെന്ന ക്രിക്കറ്റർക്ക് മാത്രം അവകാശപ്പെടുവാൻ കഴിയുന്ന ഒന്നായിരിക്കും. കർക്കശക്കാരനായ പട്ടാളക്കാരൻ തന്റെ മകൾക്ക് കാട്ടിക്കൊടുത്ത വഴിയിൽ അവൾ ചരിത്രം എഴുതിച്ചേർത്തു.
ക്രിക്കറ്റ് കിറ്റിൽ പുസ്തകങ്ങളും അടുക്കി വായനയുടെ ലോകത്തും അവൾ പാറി നടന്നു. വിവാഹം പോലും തന്റെ കരിയറിനെ ബാധിച്ചേക്കാം എന്ന ചിന്ത ആയിരിക്കാം അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചത്. ഇന്നവൾ ചിലങ്ക അഴിക്കുമ്പോൾ ശരിക്കും പാഡഴിക്കപ്പെടുന്നത് അവളുടെ അച്ഛൻ തന്നെയാകാം. ക്രിക്കറ്റിനെ ജീവനെപ്പോലെ കരുതിയ ഒരു അച്ഛൻ മകൾക്ക് വേണ്ടി ആ പാത നിർദേശിക്കുമ്പോൾ ഇതിനുമപ്പുറം എങ്ങിനെയാണ് അവൾ അച്ഛന് മറുപടി നൽകുക. അതെ തീർച്ചയായും മിതാലി അഴിച്ചു വച്ചത് ചിലങ്ക തന്നെയാണ് പച്ച പുൽ മൈതാനിയിൽ നൃത്തം ചവുട്ടി തീർത്ത 23 വർഷം . ആ നീണ്ട കരിയർ അവസാനിപ്പിച്ച് അവൾ ചിലങ്ക അഴിച്ചു വയ്ക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത് മികച്ച ഒരു നർത്തകിയേയും ബാറ്ററേയും എല്ലാറ്റിനുപരി മികച്ച ഒരു മകളെ കൂടിയാണ് …..
മിതാലി നിങ്ങൾ ഒരു ഇതിഹാസം തന്നെയാണ് …. ജീവിതം കൊണ്ട് വിസ്മയം തീർത്ത ഇതിഹാസം.