ക്രിക്കറ്റ് കാലം
2016 T20 ലോകകപ്പ് ഫൈനൽ, അവസാന ഓവറിലേ നാലാം ബോൾ ആകാശത്തിലുയർന്ന് ബൗണ്ടറിലൈൻ പിന്നിട്ടു. ഇയാൻ ബിഷപ്പിന്റെ കമന്ററി അന്തരീക്ഷത്തിൽ ഒഴുകി “Remember the name, Carlos Brathwaite , history for Westindies” എങ്ങും ആർപ്പുവിളികളും കരഘോഷവും ജയാരവങ്ങളും മാത്രം. അതേ സമയം തലതാഴ്ത്തി കൈകൾ രണ്ടും മുടിയിൽ കോർത്തുപിണച്ച് കുറച്ചേറെ നിമിഷം ഗ്രൗണ്ടിൽ നിന്ന ആ ചെറുപ്പക്കാരൻ പതിയെ തലതാഴ്ത്തി മടങ്ങി. മാധ്യമ പ്രതിനിധികൾ ഒക്കെയും ഒരു രാജ്യദ്രോഹിയോടെന്ന പോലെ അവനോട് ചോദ്യശരങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു. നിനക്കിനിയും ക്രിക്കറ്റിൽ ഒരു ഭാവിയുണ്ടെന്ന് തോന്നുന്നുവോ അതോ നീ മറ്റെന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള വിചാരണ അമ്പുകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് മനസ്സിൽ കരുത്തും ഊർജവും നിറച്ചിടത്തു നിന്ന് അവൻ ഉയർത്തെഴുന്നേൽക്കുകയായിരുന്നു… അതേ, ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസിലാൻഡിൽ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സ്റ്റോക്കിന്റെ അച്ഛൻ പേരുകേട്ട റഗ്ബി കളിക്കാരൻ ആയിരുന്നു. എങ്കിലും ആ കളിയിൽ ആകൃഷ്ടൻ ആകാതെ കൊച്ചു സ്റ്റോക്സ് എത്തിപ്പെട്ടത് സ്കൂൾ ക്രിക്കറ്റ് ടീമിലും. തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ആ പയ്യൻ durham county ടീമുമായി രണ്ട് വർഷ കരാറിൽ ഒപ്പ് വെച്ചു. പിന്നീടങ്ങോട്ട് അവന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, 2010 ലേ under 19 വേൾഡ് കപ്പിൽ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടി തന്റെ വരവറിയിച്ച അവൻ ഏറെ വൈകാതെ തന്നെ നാഷണൽ ടീമിനായി ODI യിലും T20 യിലും അരങ്ങേറി.
അത്യാവശ്യം നന്നായി കളിച്ചു പോകവേയാണ് കൊടുങ്കാറ്റ് പോലെ ആ T20 വേൾഡ് കപ്പ് ഫൈനൽ അവനെ കടപുഴക്കാൻ എത്തിയത്. എന്നാൽ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ, രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് ആയി മാറുന്ന പ്രതിഭാസമാണ് അവിടുന്നങ്ങോട്ട് നടന്നത്.
2016 ലെ വില്ലൻ 2019 ൽ ഹീറോ ആയിമാറിയപ്പോൾ പിന്നീട് നടന്നത് ചരിത്രം. ഉൽഘാടന മത്സരത്തിൽ തന്നെ അദ്ദേഹം നയം വ്യക്തമാക്കി, 79 ബോളുകളിൽ 89 റൺസ് നേടിയ സ്റ്റോക്സ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. യഥാർത്ഥ പരീക്ഷണമായ ഫൈനലിൽ ഒരു സൈഡ് ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോളും മറുസൈഡിൽ ഉറച്ചു നിന്ന സ്റ്റോക്സ് 84 റൺസുകൾ നേടി ഇംഗ്ലണ്ടിനെ അവസാന ബോൾ tie യിൽ എത്തിച്ചു.
തുടർന്ന് സൂപ്പർ ഓവറിൽ വിലപ്പെട്ട 8 റൺസുകളും നേടി. ചരിത്രത്തിലാദ്യമായി സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ളീഷുകാർ ലോകകപ്പെന്ന സ്വപ്നത്തിൽ മുത്തി. ഒരിക്കൽ തലകുനിച്ചു നിന്നിടത്ത് ഫൈനലിലെ താരമായി അവൻ തലയുയർത്തി നിന്നു. 2019 ആഷസിലും മാജിക്കൽ ഫോമിൽ തുടർന്ന സ്റ്റോക്സ് മൂന്നാം ടെസ്റ്റിൽ പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ വിജയം മാസ്മരികമായിരുന്നു.ലീച്ചുമൊത്തുള്ള കൂട്ടുകെട്ടിൽ പിറന്ന 76 റൺസിൽ 75 റൺസും സ്റ്റോക്സിന്റെ സംഭാവന ആയിരുന്നു. ഒരു വിക്കറ്റ് ന്റെ അത്ഭുത ജയം നേടി പരമ്പര സമനിലയിലാക്കിയ സ്റ്റോക്സ് ഒടുവിൽ ആഷസ് 2-2 ന് ഇരുകൂട്ടരും പങ്കിട്ടപ്പോൾ സ്മിത്തിനോടൊപ്പം പ്ലയെർ ഓഫ് ദി സീരീസും പങ്കിട്ടു.
2019 ൽ ക്രിക്കറ്റ് സാമ്രാജ്യത്തെ സേവനങ്ങൾക്കുള്ള അംഗീകാരമായി ബിബിസി പ്ലയെർ ഓഫ് ദി ഇയർ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായി മാറിയ അദ്ദേഹം പ്രശസ്‍തിയുടെ അത്യുന്നതിയിൽ നിൽക്കുമ്പോളാണ് ഏവരെയും ഞെട്ടിച്ച് നീണ്ട ഇടവേളയെടുത്തു മാറിയത്. അതിനെയെല്ലാം തരണം ചെയ്ത് അദ്ദേഹം വീണ്ടും കളത്തിൽ ഇറങ്ങി. വിജയങ്ങൾ വെട്ടിപ്പിടിക്കാൻ, പടവാളും പരിചയുമായി അങ്കം ജയിക്കാൻ…. തന്റെ രാജ്യത്തിനു വേണ്ടി നേട്ടങ്ങൾ കൊയ്യാൻ അയാൾ വീണ്ടും മൈതാനത്തിൽ തന്റെ മാന്ത്രികതയുമായി തിരിച്ചെത്തി… യുദ്ധം ജയിച്ചാണല്ലോ രാജാവിന് ശീലം!!!