ന്യൂസ് ഡെസ്ക് : ഐസിസി ഏകദിന തുടര്‍ച്ചയായ നാലാം വിജയം നേടി വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്നാല്‍ കൂടുതല്‍ നിര്‍ണായക മത്സരത്തിലേക്ക് കടക്കവേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ടീമിലെ സ്റ്റാര്‍ ഓള് റൗണ്ടറും കൂടിയായ ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയിരുന്നു. മത്സരത്തിലെ തൻ്റെ ആദ്യ ഓവറിലെ മൂന്ന് പന്തുകള്‍ എറിഞ്ഞ ശേഷമാണ് ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. കളിക്കളത്തില്‍ നിന്നും താരം മടങ്ങുകയും വിരാട് കോഹ്ലി ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് ന്യൂസിലൻഡിനെതിരെ നടക്കുന്ന മത്സരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പേസര്‍മാര്‍ക്ക് അനുകൂലമായ ധര്‍മ്മശാലയിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിൻ്റെ അഭാവം മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഹാര്‍ദിക്ക് പാണ്ഡ്യ പുറത്തായതോടെ ഇന്ത്യ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയേക്കും. ഒപ്പം ഷാര്‍ദുല്‍ താക്കൂറിന് പകരം മൊഹമ്മദ് ഷാമിയും മത്സരത്തില്‍ കളിച്ചേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാറ്റിങില്‍ തൻ്റെ സേവനം ഇതുവരെ ആവശ്യം വന്നില്ലെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിര്‍ണായക വിക്കറ്റുകള്‍ ഹാര്‍ദിക്ക് പാണ്ഡ്യ വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരശേഷം ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ആ മത്സരത്തില്‍ വൈസ് ക്യാപ്റ്റൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീമുള്ളത്.