ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പന്ത് ചുരണ്ടല്‍ വിവാദം. ഇന്ത്യന്‍ താരങ്ങളെ പുറത്താക്കാന്‍ രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് മുന്‍ പാകിസ്ഥാന്‍ താരമാണ് രംഗത്തെത്തിയത്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരെ പുറത്താക്കാന്‍ ഓസീസ് ടീം പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് മുന്‍ പാക് താരം ബാസിത് അലിയാണ് ആരോപിച്ചത്.
പാകിസ്ഥാന് വേണ്ടി 19 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ച താരമാണ് ബാസിത് അലി. വീഡിയോയിലൂടെയാണ് മുന്‍ താരം ആരോപണവുമായി രംഗത്തെത്തിയത്. പന്തില്‍ കൃത്രിമം നടത്തിയതിന് പിന്നാലെ ഗില്‍, കോഹ്‌ലി, പൂജാര എന്നിവരെ മടക്കാന്‍ ഓസീസിന് സാധിച്ചു. രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യുമ്പോഴും ഓസീസ് ടീം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നും ബാസിത് ആരോപിച്ചു.ആരോപണത്തെ സാധൂകരിക്കും വിധത്തില്‍ മത്സരത്തിനിടെ തുണിക്കു പകരം കൈയില്‍ കെട്ടിയ ക്രേപ് ബാന്‍ഡേജ് ഉപയോഗിച്ച് മര്‍നസ് ലെബുഷെയ്ന്‍ പന്ത് തുടകയ്ക്കുന്നതിന്റെ വീഡിയോ ചില ആരാധകര്‍ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസീസ് ടീം പന്തില്‍ കൃത്രിമത്വം കാണിച്ചു. ഓഫീഷ്യല്‍സോ, കമന്റേറ്റര്‍മാരോ, ഇന്ത്യന്‍ ബാറ്റര്‍മാരോ ഒന്നും ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നത് തന്നെ ഞെട്ടിച്ചെന്നു ബാസിത് പറയുന്നു. കമന്ററി ബോക്‌സിലിരുന്നു കളി കാണുന്നവര്‍ക്കും അമ്പയര്‍മാര്‍ക്കും വേണ്ടി കൈയടിക്കാന്‍ സാധിക്കില്ല. ഓസീസ് പന്ത് ചുരണ്ടിയാണ് ബൗള്‍ ചെയ്തത്. ആരും അതിനെക്കുറിച്ച് പറയുന്നില്ല. ഒരു ബാറ്റര്‍ക്കും അതില്‍ അത്ഭുതം തോന്നിയില്ല. എന്താണ് സംഭവിക്കുന്നത്.
ഇന്ത്യയുടെ ബൗളിങ് സമയത്തെ ഒരു ഉദാഹരണം പറയാം. 54ാം ഓവര്‍ വരെ ഷമി ബൗള്‍ ചെയ്യുമ്പോള്‍ പന്തിന്റെ തിളക്കം പുറത്തായിരുന്നു. പന്ത് ക്രീസിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിന് നേരെ നീങ്ങി. ഇതിനെ റിവേഴ്‌സ് സ്വിങ് എന്നു വിളിക്കില്ല. പന്തിന്റെ തിളക്കം ഉള്ളിലായിരിക്കുകയും പന്ത് തിരികെ വരികയും ചെയ്യുന്നതാണ് റിവേഴ്‌സ് സ്വിങ് 40 ഓവറിന് മുന്‍പ് ഡ്യൂക്‌സ് പന്തുകള്‍ റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ ഒരു വഴിയുമില്ലെന്നും ബാസിത് പറയുന്നു. 20 ഓവര്‍ വരെയുള്ള സമയങ്ങളിലൊന്നും ഡ്യൂക്‌സ് പന്തുകള്‍ റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ സാധിക്കില്ല. കുക്കാബുറ പന്തുകളാണെങ്കില്‍ അതു സാധിക്കും. എന്നാല്‍ ഡ്യൂക്‌സ് പന്തുകള്‍ കുറഞ്ഞത് 40 ഓവറെങ്കിലും കഴിയണം സ്വിങ് ചെയ്ത് വരാന്‍.
ഇന്ത്യന്‍ ബാറ്റിങിന്റെ 18 വരെയുള്ള ഓവറുകളിലാണ് പന്തില്‍ കൃത്രിമം നടന്നതെന്ന് ബാസിത് വാദിക്കുന്നു. 18ാം ഓവറില്‍ പന്തിന്റെ ഘടനയില്‍ മാറ്റം വന്നതോടെ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ നിര്‍ദ്ദേശത്തില്‍ പന്ത് മാറ്റുന്നു. പകരം പുതിയ പന്തെടുത്തു. ഇതോടെ കാര്യങ്ങള്‍ അവരുടെ വഴിക്ക് വന്നു.കോഹ്ലി പുറത്തായ പന്ത് നോക്കൂ. അതിന്റെ തിളക്കം നോക്കു. സ്റ്റാര്‍ക്കിന്റെ കൈയിലെ പന്തിന്റെ തിളക്കം പുറത്തേക്ക് കാണും വിധത്തിലായിരുന്നു. പന്ത് പക്ഷേ മറ്റൊരു വഴിക്കാണ് നീങ്ങിയത്. രണ്ടാം സ്‌പെല്ലിനായി എത്തിയ സ്റ്റാര്‍ക്കിന്റെ വിചിത്രമായ പന്തിലാണ് കോഹ്ലി പുറത്തായത്.
പൂജാരയ്ക്ക് നേരെ പന്തിന്റെ തിളക്കമുള്ള ഭാഗമാണ് ഗ്രീന്‍ എറിഞ്ഞത്. എന്നാല്‍ പന്ത് റോക്കറ്റു കണക്കെ പോകുകയാണ് ഉണ്ടായത്. തനിക്ക് അത്ഭുതം തോന്നുന്നു. ബിസിസിഐ ഒരു വലിയ സംഘടനയല്ലേ. അവര്‍ ഇതൊന്നും കാണുന്നില്ലേ. ഇന്ത്യ ഫൈനലിലെത്തിയതില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കൊടുത്തത്. കളിയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല എന്നാണ് അര്‍ഥമെന്നു പറയേണ്ടി വരും.
അമ്പയര്‍മാര്‍ അന്ധരാണോ? ഇത്രയും നിസാര കാര്യങ്ങള്‍ കാണാന്‍ കഴിയാത്ത ആരൊക്കെയാണ് അവിടെ ഇരിക്കുന്നത് എന്നു ദൈവത്തിന് മാത്രം അറിയാം. ബാസിത് തുറന്നടിച്ചു. നേരത്തെ 2018ലാണ് ഓസീസ് ടീം പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ നാണംകെട്ടത്. അന്ന് ക്യാപ്റ്റനായിരുന്നു സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും കുറ്റം ഏറ്റുപറയുകയും ഇരുവരും വിലക്കടക്കമുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ബാന്‍ക്രോഫ്റ്റിനെ വച്ചായിരുന്നു ഇരുവരും പന്തില്‍ കൃത്രിമം കാണിച്ചത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തുകയായിരുന്നു.