കറാച്ചി : ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ പിന്തുണച്ച് ട്വീറ്റുമായി പാക് ക്യാപ്ടൻ ബാബർ അസം. ഇതും കടന്നുപോകും, കരുത്തോടെ തുടരുക – എന്നാണ് വിരാടിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ട്വിറ്ററിൽ ബാബർ അസം കുറിച്ചു. താൻ വിരാടിന്റെ ആരാധകനാണെന്നു മുമ്പ് വെളിപ്പെടുത്തിയിട്ടുള്ള താരമാണ് ബാബർ.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി കൊഹ്ലിയെ കുറിച്ചുള്ള ട്വീറ്റിനെ സംബന്ധിച്ച് ചോദിച്ച പത്രപ്രവർത്തകരോട് ഒരു കളിക്കാരൻ എന്ന നിലയിൽ ഫോം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ കൂടി കടന്നുപോകേണ്ടി വരുമെന്നും താനും അത് അനുഭവിച്ചിട്ടുള്ളതാണെന്നും ബാബർ പറഞ്ഞു. കൊഹ്ലിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് മാനസികമായ പിന്തുണ നൽകുകയാണെന്നും ബാബർ വ്യക്തമാക്കി. അതിനുവേണ്ടിയുള്ള തന്റെ ചെറിയൊരു ശ്രമം മാത്രമായിരുന്നു ഈ ട്വീറ്റെന്നും ബാബർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാബറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി മുൻ ക്രിക്കറ്റ് താരങ്ങൾ എത്തി. മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ മൈക്കൽ വോൺ അടക്കമുള്ള താരങ്ങൾ ബാബറിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. വെസ്റ്റിൻഡീസിനെതിരായ ടി ട്വന്റി പരമ്ബരയ്ക്കുള്ള ടീമിൽ നിന്ന് വിരാടിന് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് ബാബറിന്റെ ട്വീറ്റ്. വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിലും വിരാട് കളിക്കുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം പരിക്കുമൂലം നഷ്ടമായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിച്ചെങ്കിലും 25 പന്തിൽനിന്ന് 16 റൺസ് മാത്രമെടുത്തു പുറത്തായി.ഇംഗ്ളണ്ടിനെതിരായ രണ്ടാം ട്വന്റി-20യിൽ ഒരു റൺസും മൂന്നാം ടി ട്വന്റിയിൽ 11 റൺസും മാത്രമാണ് കൊഹ്ലിക്ക് നേടാനായത്. അഞ്ചാം ടെസ്റ്റിൽ 11, 20 എന്നിങ്ങനെയായിരുന്നു വിരാടിന്റെ സ്കോറിംഗ്.