തൃശൂര്‍: കൊരട്ടിയില്‍ അമ്മായിയമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിക്ക് നീതി നിഷേധമെന്ന് ആരോപണം. പെരുമ്പാവൂര്‍ സ്വദേശിനി എംഎസ് വൈഷ്ണവിക്ക് ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവം വാര്‍ത്തയായിരുന്നു. അക്രമണത്തിലെ ഒന്നാം പ്രതിയും ഭര്‍തൃമാതാവ് കുമാരിയുടെ സുഹൃത്തുമായ കോനൂര്‍ സ്വദേശി സത്യവാനെ കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അതിരപ്പള്ളിയില്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടുകയും ചെയ്തു. കൊലപാതക ശ്രമം ഉണ്ടായിട്ടും പ്രതിക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയതെന്നും തന്റെ മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയില്ല എന്നുമാണ് വൈഷ്ണവിയുടെ ആരോപണം.
ആറ് മാസം മുമ്പാണ് കൊരട്ടി സ്വദേശിയെ വൈഷ്ണവി വിവാഹം കഴിച്ചത്. മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള സുഹൃത്തുമായി അമ്മായി അമ്മയുടെ ബന്ധം അതിരുവിട്ടത് ചോദ്യം ചെയ്തതിനും ഭര്‍ത്താവിനെ അറിയിച്ചതിനുമാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഭര്‍തൃമാതാവ് കുമാരിയും ഭര്‍തൃ സഹോദരന് സുധീഷും ചേര്‍ന്ന് വെഷ്ണവിയെ നിരന്തരമായി മാനസിക- ശാരീരിക പീഡനനത്തിന് ഇരയാക്കി വരികയായിരുന്നു. അമ്മായിയമ്മ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് ടോയ്ലെറ്റിലെ വെള്ളം കുടിച്ച് ജീവന് നിലനിര്‍ത്തേണ്ട സാഹചര്യം പോലും വൈഷ്ണവി ഭര്‍തൃഗൃഹത്തില്‍ നേരിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബറില്‍ കുമാരി പട്ടികക്കോല്‍ ഉപയോഗിച്ച് വൈഷ്ണവിയെ മര്‍ദ്ദിച്ചിരുന്നു. അന്ന് കുമാരിക്കെതിരെ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി സമീപിച്ചപ്പോള്‍ സത്യവാന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇവരെ കേസില്‍ നിന്നും മേല്‍നടപടികളില്‍ നിന്നും സംരക്ഷിച്ചിരുന്നു. ഭര്തൃസഹോദരന് സുധീഷും രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തിയാണെന്ന് വൈഷ്ണവി പറയുന്നു. ഇടത്പക്ഷ പ്രവര്‍ത്തകനായ ഇയാളും അമ്മയ്ക്കൊപ്പം ചേര്‍ന്ന് ജ്യേഷ്ഠ സഹോദരിയെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിച്ചെങ്കിലും വീട്ടില്‍ തിരികെയെത്തിയ വൈഷ്ണവി വീണ്ടും പീഡനങ്ങള്‍ക്കിരയായി. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് വനിതാ ദിനത്തിന് തേലദിവസം വൈഷ്ണവിയെ സത്യവാന് വീട്ടില്‍ കയറിവന്ന് മര്‍ദ്ദിച്ചത്. ഇയാള്‍ മുഷ്ടി ചുരുട്ടി മുഖത്തിടിച്ചതിനെ തുടര്‍ന്ന് മുഖത്തെ എല്ലുകള്‍ പൊട്ടുകയും ഭക്ഷണം കഴിക്കാനോ ശ്വാസമെടുക്കാനോ കഴിയാത്ത രീതിയില്‍ വൈഷ്ണവി അവശയാകുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മൂന്നോളം സര്‍ജറികള്‍ക്കും വിധേയയായി. സത്യവാന്റെ രാഷ്ട്രീയ സ്വാധീനം വ്യക്തമായി അറിയാവുന്ന വൈഷ്ണവി നീതിക്കായുള്ള അവസാന ശ്രമം എന്ന നിലയ്ക്കാണ് ഇന്‍സ്റ്റഗ്രാമിലൂടെ മര്‍ദ്ദനവിവരം പുറത്തറിയിച്ചത്. തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
എന്നാല്‍, വൈഷ്ണവിയുടെ മൊഴിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥ വിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്തിയില്ല. ബാക്കി കോടതിയില്‍ പറഞ്ഞോളൂ എന്ന് നിര്‍ദ്ദേശിച്ച് മൊഴിപ്പകര്‍പ്പില്‍ വൈഷ്ണവിയെക്കൊണ്ട് ഒപ്പിടീപ്പിക്കുകയും ചെയ്തു. കഴുത്തിന് മുകളില്‍ ഏല്ക്കുന്ന പരിക്കുകളില്‍ ജീവന് നഷ്ടമാകാനുള്ള സാധ്യത വലുതാണ്. ഇത്തരം അക്രമണങ്ങളില്‍ കൊലപാതക ശ്രമം ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സത്യവാനെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഇയാള്‍ പുറത്തിറങ്ങിയാള്‍ തന്റെ ഭീഷണിയാണെന്നുമാണ് വൈഷ്ണവിയുടെ ആരോപണം. ബിജെപി നേതൃത്വമാണ് സത്യവാനെ സഹായിക്കുന്നതിന് മുന്‍പന്തിയിലുള്ളതെന്നും ഇത്രയധികം മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് കേസ് ഒഴിവാക്കാനാണ് ഭര്‍തൃമാതാവിന്റെയും ഭര്‍തൃസഹോദരന്റെയും നിലവിലെ ശ്രമം എന്നും വൈഷ്ണവി പറയുന്നു.