കപ്പ് ഓഫ് ലൈഫ് ഗിന്നസിൽ; വിതരണം ചെയ്തത് 1,00001 മെൻസ്ട്രൽ കപ്പുകൾ: നേട്ടത്തിന്റെ നെറുകയിൽ ഹൈബിയും എറണാകുളവും

കൊച്ചി: ഹൈബി ഈഡൻ എം.പി മുത്തൂറ്റ് ഫിനാൻസിന്റെയും ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി എന്നിവയുടെയും സഹകരണത്തോടെ നടപ്പാക്കിയ കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം പിടിച്ചു. ലോകത്തെ ഏറ്റവും വലിയ ആർത്തവ ശുചിത്വ പ്രചാരണമായ കപ്പ് ഓഫ് ലൈഫ് 24മണിക്കൂറിനുള്ളിൽ 126 വേദികളിലായി 1,00001 കപ്പുകളാണ് വിതരണം ചെയ്തത്.

Advertisements

നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ലുലു മാളിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ധൻഗരിഗർ നിർവഹിച്ചു. നടൻ ആസിഫ് അലി മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ഡോ. രേണുരാജ്, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ.അഖിൽ മാനുവൽ, ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷാജി ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഗിന്നസ് പ്രഖ്യാപനം നടന്നത്. ചരിത്ര പദ്ധതിയുടെ ഭാഗമായ ഒരുലക്ഷത്തി ഒന്ന് വനിതകളെയും അഭിവാദ്യം ചെയ്യുന്നതായി ഹൈബി ഈഡൻ എം.പി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗസ്റ്റ് 30ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ കൗണ്ടറുകളിൽ നിന്ന് രണ്ട് മണിക്കൂർ 14 മിനിറ്റ് 13 സെക്കൻഡ് സമയത്തിനുള്ളിൽ 126 വേദികളിലെയും നോഡൽ ഓഫീസർമാരും പ്രതിനിധികളും ഏറ്റുവാങ്ങിയ കപ്പുകൾ ഇന്നലെ വൈകിട്ട് 5ന് മുൻപായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ വിതരണം നടത്തി പൂർത്തിയാക്കി.

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, കോളേജുകൾ, സന്നദ്ധ സംഘടനകൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവ വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്.

ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ ആയിരത്തോളം വോളണ്ടിയർമാർക്കാണ് ആർത്തവ ശുചിത്വം സംബന്ധിച്ചും മെൻസ്ട്രൽ കപ്പ് ഉപയോഗം സംബന്ധിച്ചും പരിശീലനം നൽകിയത്. 40ലധികം ഡോക്ടർമാരും പദ്ധതിയുടെ വിജയത്തിനു പിന്നിലുണ്ട്.
മെൻസ്ട്രൽ കപ്പിനെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയതും കപ്പുകൾ തെരഞ്ഞെടുത്തതുമെല്ലാം ഐ.എം.എ കൊച്ചി ഡോക്ടർമാരായിരുന്നു. ട്രെയ്‌നർമാരുടെ പരിശീലന ചുമതലയും ഐ.എം.എ ഏറ്റെടുത്തു.

പുരുഷന്മാർക്ക് ആർത്തവ വേദന അനുഭവിച്ചറിയാനുള്ള പെയിൻ സിമുലേറ്റർ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു. കോളേജ് വിദ്യാർഥികളും സെലിബ്രിറ്റികളുമടക്കം നൂറു കണക്കിന് പേരാണ് സിമുലേറ്ററിലൂടെ ആർത്തവവേദന അനുഭവിച്ചറിഞ്ഞത്. കൊച്ചി മെട്രോ ട്രെയിനുള്ളിൽ ആലുവ മുതൽ പെട്ട വരെ ആർത്തവവും അറുപതും എന്ന വിഷയത്തിൽ ചർച്ച നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.

Hot Topics

Related Articles