മുംബൈ : ഫെബ്രുവരി രണ്ടിന് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജില്‍ വന്ന ഒരു പോസ്റ്റ് ഏവരെയും ഞെട്ടിച്ചു.ഗർഭാശയമുഖ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചുവെന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത ദിവസം ഇത് തെറ്റാണെന്ന് തെളിഞ്ഞു. പൂനം തന്നെ നേരിട്ടെത്തി താൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ഗർഭാശയമുഖ കാൻസറിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് താൻ ഇത് ചെയ്തതെന്നായിരുന്നു നടിയുടെ വിശദീകരണം.
ഇപ്പോള്‍ ഈ വിഷയത്തില്‍ നിയമപോരാട്ടത്തില്‍ കുടുങ്ങിയിരിക്കുകയാണ് പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവർക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാണ്‍പൂർ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാൻസറിൻ്റെ ഗൗരവം നിസാരവല്‍ക്കരിച്ച് പലരുടെയും വികാരങ്ങള്‍ വച്ചു കളിച്ച പൂനത്തെയും സാമിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഫൈസാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂനം പാണ്ഡെ തൻ്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന് ഫൈസാൻ ആരോപിച്ചു.
താൻ സിവില്‍ ലൈൻസ് കാണ്‍പൂർ കോടതിയില്‍ ഹാജരായതായും പൂനത്തിനും ഭർത്താവ് സാം ബോംബെയ്ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായും അതിൻ്റെ പകർപ്പ് കാണ്‍പൂർ പൊലീസ് കമ്മീഷണർക്കും നല്‍കിയിട്ടുണ്ടെന്നും ഫൈസാൻ അറിയിച്ചു.