ഡല്‍ഹി : ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന ഡെക്ക് വർത്ത് ലൂയിസ് (ഡി.എല്‍.എസ്.) നിയമത്തിന്റെ സ്രഷ്ടാക്കളിലൊരാളായ ഫ്രാങ്ക് ഡെക്ക് വർത്ത് (84) അന്തരിച്ചു.മഴകാരണം കളി മുടങ്ങുന്ന സന്ദർഭങ്ങളില്‍ ജേതാക്കളെ കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമമാണിത്. ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായ ഫ്രാങ്ക് ഡെക്ക്വർത്തും ഗണിതശാസ്ത്രജ്ഞനായ ആന്റണി ലൂയിസും ചേർന്നാണ് ഈ മഴനിയമം ആവിഷ്കരിച്ചത്. 1997-ലാണ് ഇവരുടെ മഴനിയം ക്രിക്കറ്റില്‍ പരീക്ഷിച്ചുതുടങ്ങിയത്.
2001 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) മത്സരങ്ങളില്‍ ഉപയോഗിച്ചുതുടങ്ങി. കളിച്ച ഓവറുകള്‍, നഷ്ടമായ വിക്കറ്റുകള്‍ തുടങ്ങി പല മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഡി.എല്‍.എസ്. നിയമത്തില്‍ ജേതാക്കളെ നിശ്ചയിക്കുന്നത്. പലപ്പോഴും വിമർശനവിധേയമായിട്ടുണ്ടെങ്കിലും ഇത്രയും ശാസ്ത്രീയമായ മറ്റൊരു നിയമം ഇല്ലെന്നതിനാല്‍ ഡി.എല്‍.എസ്. മാറ്റാൻ ഐ.സി.സി. തയ്യാറായില്ല.