ബംഗളൂരു: 28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പകയെന്ന് പൊലീസ്. കർണാടകയിലെ മണ്ഡ്യ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്കൂള്‍ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി. ഗൗഡയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപികയുടെ അയല്‍വാസിയായ നിതീഷ് എന്ന യുവാവിനെയാണ് വിജയനഗരയിലെ ഹൊസ്പേട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുടുംബാംഗങ്ങള്‍ താക്കീത് നല്‍കിയതോടെ ദീപിക ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതോടെ ദീപികയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ ദീപികയെ മേലുകോട്ടെ ഹില്‍സിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ക്ഷേത്രവളപ്പില്‍ കുഴിച്ചിട്ടു. രണ്ട് ദിവസമായി ദീപകയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ സ്കൂട്ടറില്‍ സ്കൂളിലേക്കു പോയ ദീപക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭർത്താവ് ലോകേഷ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാരും പൊലീസും ദീപികയ്ക്കായി അന്വേഷണം നടത്തുന്നതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് ഇവരുടെ സ്കൂട്ടർ കണ്ടെത്തി. ഇതോടെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു അധ്യാപികയായ ദീപിക.