മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അടുത്ത സീസണിനായുള്ള പടയൊരുക്കം ഇതിനോടകം പല ടീമുകളും ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ പുതിയ സീസണിന് മുന്നോടിയായി നിര്‍ണ്ണായക തീരുമാനമെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിക്കി പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് അവര്‍ നീക്കിയിരിക്കുകയാണ്. മുന്‍ ഓസീസ് സൂപ്പര്‍ നായകന് കീഴില്‍ ഡല്‍ഹിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.
2018ല്‍ ഡല്‍ഹിയിലെത്തിയ പോണ്ടിങ് 2019, 2020, 2021 സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലേക്കെത്തിച്ചു. എന്നാല്‍ അവസാന സീസണിലടക്കം നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരത്തില്‍ ഏഴ് മത്സരം മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. ശ്രേയസ് അയ്യരെ മാറ്റി റിഷഭ് പന്തിനെ ഡല്‍ഹിയുടെ നായകനായി വളര്‍ത്തിയത് പോണ്ടിങ്ങായിരുന്നു. എന്നാലിപ്പോള്‍ പോണ്ടിങ്ങിനെ ഡല്‍ഹി കൈയൊഴിഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിക്കി പോണ്ടിങ്ങിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഡല്‍ഹി ഔദ്യോഗികമായുള്ള പടിയിറക്കം സ്ഥിരീകരിച്ചത്. എന്നാല്‍ റിക്കി പോണ്ടിങ് ഡല്‍ഹിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ സ്വാഗതം ചെയ്യുകയാണ് ആരാധകര്‍. ടീം എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പോണ്ടിങ് മികച്ച ക്യാപ്റ്റനായിരുന്നെങ്കിലും പരിശീലകനെന്ന നിലയില്‍ നിലവാരമില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
നിലവില്‍ ഏറ്റവും മോശം ടീം കരുത്തുള്ളത് ഡല്‍ഹിക്കാണ്. മികച്ച യുവതാരങ്ങളെ കണ്ടെത്താനോ വളര്‍ത്താനോ പോണ്ടിങ് ശ്രമിക്കുന്നില്ല. ഏതെങ്കിലും യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്താതെ ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ളവരെ കൊണ്ടുവരാന്‍ പോണ്ടിങ്ങിന് അറിയില്ലെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. പൃഥ്വി ഷാ ഉള്‍പ്പെടെ മോശം ഫോമിലുള്ള താരങ്ങള്‍ക്ക് ഡല്‍ഹി ഇപ്പോഴും ടീമില്‍ സ്ഥാനം കൊടുക്കുന്നു. ഇതെല്ലാം പോണ്ടിങ്ങിന്റെ തെറ്റായ തീരുമാനമാണ്.
പോണ്ടിങ് ഡല്‍ഹി വിടാന്‍ കാരണം മറ്റൊരു ലക്ഷ്യത്തിനായാണ്. മുംബൈ ഇന്ത്യന്‍സ് നിലവിലെ പരിശീലകനായ മാര്‍ക്ക് ബൗച്ചറെ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ബൗച്ചറിന് കീഴില്‍ മുംബൈക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. അവസാന സീസണില്‍ മുംബൈ അവസാന സ്ഥാനക്കാരായിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ബൗച്ചറെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. പകരം റിക്കി പോണ്ടിങ്ങിനെ തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു.
മുംബൈക്കൊപ്പം കിരീടം നേടിയിട്ടുള്ള പരിശീലകനാണ് പോണ്ടിങ്. ടീം ഉടമസ്ഥരുമായും പോണ്ടിങ്ങിന് നല്ല ബന്ധമുണ്ട്. ഈ സീസണോടെ രോഹിത് ശര്‍മയെ മുംബൈ ഒഴിവാക്കിയാല്‍ പുതിയൊരു ടീമിനെ കെട്ടിപ്പടുക്കേണ്ടതായുണ്ട്. ഇതിന് പോണ്ടിങ്ങിനെപ്പോലൊരു പരിശീലകനെ അവര്‍ക്ക് ആവശ്യമാണ്. ഡല്‍ഹി ടീമില്‍ നിന്ന് പടിയിറങ്ങി പോണ്ടിങ് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.
അതേ സമയം ഡല്‍ഹിയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് സൗരവ് ഗാംഗുലി വരുമെന്ന റിപ്പോര്‍ട്ടും സജീവമാണ്. സഹ പരിശീലകനായി ഇതിനോടകം ഗാംഗുലി ഡല്‍ഹി ടീമിന്റെ ഭാഗമാണ്. ഗാംഗുലിയുടെ സമീപകാല പ്രതികരണങ്ങളില്‍ നിന്ന് പരിശീലകസ്ഥാനത്തേക്ക് വരുന്നതായുള്ള സൂചനകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുള്ള താല്പര്യവും ഗാംഗുലി പങ്കുവെച്ചിരുന്നു. ഇതില്‍ നിന്നെല്ലാം ഗാംഗുലി പരിശീലക റോളിലേക്ക് എത്താനുള്ള നീക്കമാണെന്നാണ് വ്യക്തമാവുന്നത്.
ഡല്‍ഹി മാനേജ്മെന്റുമായി ഗാംഗുലിക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഗാംഗുലി മുഖ്യ പരിശീലകനായി എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ ഒപ്പം കൂട്ടാന്‍ ഡല്‍ഹി ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്തായാലും പോണ്ടിങ് സ്ഥാനമൊഴിഞ്ഞതില്‍ ഡല്‍ഹി ആരാധകര്‍ സന്തോഷവാന്മാരാണെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ നീക്കങ്ങള്‍ എങ്ങനെയാവുമെന്നത് കാത്തിരുന്ന്് കാണാം.