ഗോവ : ദേശീയ ഗെയിംസില്‍ കേരളത്തിന്റെ വനിതാ ബാസ്‌കറ്റ് ബോള്‍ ടീമിന് സ്വര്‍ണം. ഫൈനലില്‍ കര്‍ണാടകയെ 57-54ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണനേട്ടം കൊയ്തത്. നീണ്ട എട്ട് വര്‍ഷത്തിന് ശേഷമാണ് കേരള വനിതകള്‍ ബാസ്‌കറ്റ് ബോളില്‍ വമ്ബന്‍ നേട്ടം സ്വന്തമാക്കുന്നത്. ഇതിന് മുമ്ബ് 2015ല്‍ കേരളം ആതിഥേയരായ ദേശീയ ഗെയിംസിലായിരുന്നു കേരളത്തിന്റെ നേട്ടം. മാര്‍ഗോവ മനോഹര്‍ പരീക്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ 29 പോയിന്റുകളുമായി കേരളത്തിന്റെ അന്താരാഷ്‌ട്ര താരം ആര്‍. ശ്രീകലയാണ് തിളങ്ങിയത്. 21 പോയിന്റുമായി സഞ്ജന രമേശന്‍ കര്‍ണാടകയുടെ ടോപ് സ്‌കോററായി. ഫൈനലില്‍ പരാജയപ്പെട്ട കര്‍ണാടക വെള്ളി സ്വന്തമാക്കിയപ്പോള്‍ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ തമിഴ്‌നാട് വിജയിച്ചു. ഉത്തര്‍ പ്രദേശിനെ തോല്‍പ്പിച്ചാണ് തമിഴ്‌നാടിന്റെ വെങ്കല നേട്ടം.