മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ നാളെ വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ സംബന്ധിക്കുമെന്നാണ് സൂചന. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗം ഐക്യകണ്ഠേന ഫഡ്നാവിസിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ മഹാ വിജയമാണ് മഹായുതി നേടിയത്. ഇതിന് ചുക്കാൻ പിടിച്ചത് ദേവേന്ദ്ര ഫഡ്നാവിസ് എന്ന 54 കാരനാണ്. ശക്തമായ നേതൃത്വത്തിനും കാര്യക്ഷമമായ ഭരണത്തിനും പേരുകേട്ട ഫഡ്‌നാവിസ് ഏക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദമാണ് വഹിച്ചത്. 2014 മുതൽ 2019 വരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.