തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി വ്യക്തത വരുത്താനാണ് പൊലീസിന്‍റെ തീരുമാനം. നെയ്യാറ്റിൻകര ജെഎഫ്സിഎം കോടതി മൂന്നില്‍ ആയിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. പൂജപ്പുര മഹിളാമന്ദിരത്തില്‍ തുടരുന്ന ശ്രീതുവിനെയും ഇന്ന് ചോദ്യം ചെയ്തേക്കും.
ഇന്നലെ രാത്രി റൂറല്‍ എസ്‍പി കെഎസ് സുദർശന്റെ നേതൃത്വത്തില്‍ ശ്രീതുവിനെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച ജ്യോത്സ്യൻ ശംഖുമുഖം ദേവീദാസനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തും. പത്ത് മണിയോടെ എത്താനാണ് ഇയാള്‍ക്ക് നിർദേശം നല്‍കിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യമാണ് ജ്യോത്സ്യനില്‍ നിന്ന് പൊലീസ് തേടുക. സഹോദരിയോടുള്ള വിരോധം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. പ്രതിയുടെ മറ്റ് ബന്ധുക്കളെ ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് പൊലീസിന്റെ തീരുമാനം.