കഥാപാത്ര വൈവിദ്ധ്യം കൊണ്ട് തമിഴ് സിനിമയിലെ താരനിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ ഓരോ വർഷവും തേടിയെത്താറുള്ളത്. ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’ ഈ വർഷം അദ്ദേഹത്തിന്‍റെ ആദ്യ റിലീസാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഈ മാസം 17നാണ് തമിഴിലും തെലുങ്കിലുമായി ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നത്.
കഴിഞ്ഞ വര്‍ഷം വൻ വിജയം നേടിയ ‘തിരുച്ചിറ്റമ്പലം’ എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനായെത്തിയ ‘നാനേ വരുവേൻ’ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നൂറ് കോടിക്ക് മുകളിലായിരുന്നു തിരുച്ചിറ്റമ്പലത്തിന്‍റെ ബോക്സോഫീസ് കളക്ഷൻ. ഈ വര്‍ഷം ‘വാത്തി’യുമായി ധനുഷ് എത്തുമ്പോൾ തിരുച്ചിറ്റമ്പലത്തിന്‍റെ കളക്ഷൻ മറികടക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയുടെ പ്രീമിയർ ഷോ കണ്ടവരുടെ പ്രതികരണങ്ങൾ അത് ശരി വയ്ക്കുന്നതുമാണ്. ‘ഏറെ വൈകാരികമായ കഥാസന്ദർഭങ്ങളിലൂടെ ഏവർക്കും കണക്ടാകുന്ന രീതിയിൽ അവതരിപ്പിച്ച മനോഹരമായ സിനിമ, ജിവിയുടെ പശ്ചാത്തല സംഗീതം അതി ഗംഭീരം, ഇത് ധനുഷിന്‍റെ തിരിച്ചുവരവാകും, തിരുച്ചിറ്റമ്പലത്തിന് ശേഷം മറ്റൊരു സർപ്രൈസ് ഹിറ്റാകാൻ പോകുന്ന സിനിമ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിംഗ്’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം സിനിമയുടെ പ്രീമിയർ കഴിഞ്ഞതോടെ ചിത്രത്തിനെ കുറിച്ച് സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.
തമിഴിൽ ‘വാത്തി’ എന്ന പേരിലും തെലുങ്കിൽ ‘സർ’ എന്ന പേരിലുമാണ് ചിത്രമെത്തുന്നത്. ബാലമുരുകൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. വെങ്കി അറ്റ്‍ലൂരിയൊരുക്കിയ ചിത്രം വിദ്യാഭ്യാസ കച്ചവടം പ്രമേയമാക്കി ശക്തമായൊരു കഥയുടെ പിൻബലവുമായാണ് എത്തുന്നത്. സ്കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് ‘വാത്തി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ ‘വാത്തി’ പ്രദർശനത്തിനെത്തുന്നുണ്ട്.
സിനിമയുടെ തമിഴ്‌നാട്ടിലെ തിയറ്റർ അവകാശം സെവൻ സ്‌ക്രീൻ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്. സിത്താര എന്‍റർടെയ്ൻമെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം. നായികയായി മലയാളി താരം സംയുക്തയാണ് ചിത്രത്തിലുള്ളത്. തമിഴിൽ സംയുക്തയുടെ ഏറെ ശ്രദ്ധേയമായ വേഷമായിരിക്കും വാത്തിയിലേതെന്നാണ് സൂചന. സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു എന്നിവരും വാതിയിൽ അഭിനയിക്കുന്നു.
ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായി മാറിയിരുന്നതാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‍സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.