ചെന്നൈ: നയൻതാരയുടെ തുറന്ന കത്തിന് മറുപടിയുമായി നടന് ധനുഷിന്റെ പിതാവ് കസ്തൂരിരാജ രംഗത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര ശനിയാഴ്ച കോളിവുഡിനെ ഞെട്ടിച്ചിരുന്നു.
നെറ്റ്ഫ്ലിക്സില്‍ നയന്‍താരയുടെ ജന്മദിനത്തിലിറങ്ങിയ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷിന്റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു നയന്‍താരയുടെ പ്രതികരണം. എന്നാല്‍ നയന്‍താര പരസ്യമായി എഴുതിയ കത്തിന് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പിതാവും മുതിര്‍ന്ന സംവിധായകനിമായ കസ്തൂരി രാജയുടെ പ്രസ്താവന ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട് ഓൺലൈനിൽ പ്രചരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് വർഷത്തോളം ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് കസ്തൂരി രാജ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ധനുഷ് തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണെന്നും നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നാനും റൗഡി താന്‍’ സിനിമ റിലീസിന് മുന്‍പ് വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും കസ്തൂരി രാജ പ്രതികരണത്തില്‍ പറഞ്ഞു.
“ജോലി ഞങ്ങൾക്ക് പ്രധാനപ്പെട്ടത്. ഞങ്ങൾ മുന്നോട്ട് പോവുകയാണ്. ഞങ്ങളെ വേട്ടയാടുന്നവരോടും നമ്മളെ കുറിച്ച് പറയുന്നവരോടും ഉത്തരം പറയാൻ സമയമില്ല. എന്നെപ്പോലെ, എന്റെ മകനും ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു,
“നയൻതാര പറഞ്ഞതുപോലെ, രണ്ട് വർഷം കാത്തിരിക്കുന്നത് യഥാർത്ഥ വിവരമല്ല. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” കസ്തൂരി രാജ കൂട്ടിച്ചേർത്തു. അതേ സമയം നയന്‍താരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസായി. ഇതിനകം വലിയ പ്രതികരണം തന്നെ ഡോക്യുമെന്ററി സൃഷ്ടിക്കുന്നുണ്ട്.