സ്പോർട്സ് ഡെസ്ക്ക് : രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി സ്വന്തം നേട്ടങ്ങള്‍ ത്യജിച്ച താരമാണ് എംഎസ് ധോണിയെന്ന ഗൗതം ഗംഭീറിന്റെ വാദം തള്ളി എസ്.ശ്രീശാന്ത്. മത്സരങ്ങളില്‍ ഇന്ത്യൻ ടീം വിജയിക്കാൻ ധോണി പലപ്പോഴും കാരണമായിട്ടുണ്ട്. പക്ഷേ അതിനായി ബാറ്റിംഗിലെ സ്ഥാനം ധോണി ത്യജിച്ചിട്ടില്ല. ഓരോ താരവും ഏതു സ്ഥാനത്ത് കളിക്കുന്നതാണ് ടീമിന് ഗുണകരമെന്ന് നോക്കിയായിരുന്നു ധോണിയുടെ നടപടിയെന്ന് ശ്രീശാന്ത് പറഞ്ഞു.
“മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ധോണി കൂടുതല്‍ റണ്‍സ് നേടുമായിരുന്നുവെന്ന് അടുത്തിടെ ഗംഭീര്‍ പറയുകയുണ്ടായി. എന്നാല്‍, റണ്‍സിനെക്കാളും ടീമിന്റെ വിജയത്തിലായിരുന്നു ധോണിയുടെ ശ്രദ്ധ. ടീമിന് തന്നെ ആവശ്യമുള്ളപ്പോള്‍ കളി ഫിനിഷ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അങ്ങനെയാണ് അദ്ദേഹം രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കിയതും.”-ശ്രീശാന്ത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധോണിക്ക് വിജയങ്ങളുടെ ക്രെഡിറ്റ് നല്‍കണം. എന്നാല്‍, അദ്ദേഹം സ്വന്തം ബാറ്റിംഗ് സ്ഥാനം ത്യജിച്ചിട്ടില്ല. ഓരോ താരവും ഏതു സ്ഥാനത്ത് കളിക്കുന്നതാണ് ടീമിന് നല്ലതെന്ന് നോക്കി അവരെ അവിടെ കളിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഓരോ താരത്തിന്റെയും കഴിവ് പുറത്തുകൊണ്ടുവരാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. എപ്പോഴും ടീമിനെക്കുറിച്ചാണ് ധോണി ചിന്തിച്ചിരുന്നതെന്നും മുൻ താരം പറഞ്ഞു