ചെന്നൈ : ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി പൊതുവെ വിലയിരുത്തപ്പെടുന്നത് എം എസ് ധോണിയാണ്. ഐസിസിയുടെ എല്ലാ പ്രധാന കിരീടങ്ങളും ഇന്ത്യക്ക് നേടിത്തന്ന ഏക ക്യാപ്റ്റന്‍ ധോണിയാണ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന, ടി ട്വന്റി ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. ലോകകപ്പ് കിരീടം സമ്മാനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നായകശേഷിയില്‍ ധോണിയോളം കരുത്തനാണ് എന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് നോക്കിയാല്‍, എല്ലാവരും പറയുന്നത് എം എസ് ധോണിയാണ് ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്നാണ്. രോഹിത് ശര്‍മ്മയും മികച്ച ക്യാപ്റ്റനാണ്. ടീമിലെ ഓരോ താരത്തിന്റെയും കഴിവുകളും മികവും അദേഹത്തിന് നന്നായി അറിയാം. എല്ലാ താരങ്ങളെയും വ്യക്തിപരമായി അറിയാന്‍ രോഹിത് ശ്രമിക്കാറുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ പദ്ധതികള്‍ എന്താണ് എന്ന് എനിക്ക് അറിയാം. അതിനാല്‍ ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംകിട്ടിയാലും ഇല്ലെങ്കിലും അതിനെ അഭിമുഖീകരിക്കാന്‍ മാനസികമായി ഞാന്‍ തയ്യാറായിരുന്നു’ എന്നും ആര് അശ്വിന് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.