തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയില്‍ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് സുദേഷ് കുമാറിനെതിരെ അന്വേഷണം വരുന്നത്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് പണം നല്‍കാതെ സ്വര്‍ണം വാങ്ങിയെന്നും ഗതാഗത കമ്മിഷണറായിരിക്കെ വന്‍തുക കൈക്കൂലി വാങ്ങിയെന്നതും ഉള്‍പ്പെടെ ഒട്ടേറെ പരാതികളാണ് സുദേഷ് കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്.
ഒരാഴ്ച മുന്‍പാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയില്‍ മേധാവി സ്ഥാനത്തേക്ക് മാറ്റിയത്. സുദേഷിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുര്‍വിനിയോഗത്തിന്റെയും അനധികൃത സമ്ബാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്തെ പ്രമുഖ ജ്വലറിയില്‍ മകള്‍ക്കൊപ്പം എത്തിയ സുദേഷ് 7 പവന് സ്വര്‍ണം വാങ്ങി. 5 ശതമാനം ഡിസ്കൗണ്ട് നല്‍കാമെന്ന് ജ്വല്ലറി അറിയിച്ചപ്പോള്‍ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്കൗണ്ട് നേടി. 2016 ഒക്ടോബര്‍ 28ന് കുടുംബസമേതം ചൈന സന്ദര്‍ശിച്ചു. യാത്രാച്ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്പോണ്സര് ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിച്ച പാരിതോഷികങ്ങളും വ്യവസായിയില്‍ നിന്ന് വാങ്ങി. ബിസിനസുകാരുടെ കയ്യില്‍ നിന്ന് പണം വാങ്ങി സര്‍ക്കാര്‍ അനുമതിയില്ലാതെ ആറ് തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഗതാഗത കമ്മിഷണറായിരിക്കെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെട്ട് ഇടനിലക്കാര്‍ വഴി ലക്ഷങ്ങള്‍ കോഴ വാങ്ങി, വിദേശത്തുള്ള മകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നിങ്ങനെയാണ് സുദേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.
പരാതികളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ. പരാതിയില്‍ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.