കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈല്‍ ഫോണുകള്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കി. ആറ് മൊബൈല്‍ ഫോണുകളാണ് കോടതിയില്‍ എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത്.
മുംബൈയിലെ ഫൊറന്‍സിക് ലാബില്‍ ദിലീപ് തന്നെ പരിശോധനയ്‌ക്ക് അയച്ച രണ്ട് ഫോണുകള്‍ കഴിഞ്ഞ ദിവസം തിരിച്ച് എത്തിച്ചിരുന്നു.ഫോണുകള്‍ ലഭിച്ചാലുടന്‍ അവ കൈമാറിയ ഫൊറന്‍സിക് ലാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മുംബൈയില്‍ ഫോണില്‍ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം. മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അംഗീകൃത ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും പരിശോധനയ്‌ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി കോടതി തീരുമാനിക്കുന്ന ഏജന്‍സിയാകും ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തുന്നത്. അതേ സമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം നടക്കും. ഉച്ചയ്‌ക്ക് 1.45നാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. ദിലീപ് നാലാമത് ഒരു ഫോണ്‍ കൂടി ഉപയോഗിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.